ട്രക്കിലും ടാങ്കർ ലോറികളിലും മരുന്നെത്തിച്ച്‌ യുവത



തൃപ്പൂണിത്തുറ പാചകവാതകവും പെട്രോളിയം ഉൽപ്പന്നങ്ങളുമായി സർവീസ് നടത്തുന്ന ട്രക്ക്, ടാങ്കർ ലോറികളിൽ ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച് ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി. ജില്ലയിലെ വിവിധ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ അവയവമാറ്റ ചികിത്സയുൾപ്പെടെ നടത്തി കഴിയുന്നവർക്കായാണ്‌ മരുന്നുകളെത്തിച്ചത്‌. ഡിവൈഎഫ്ഐയുടെ സംസ്ഥാനതല കോൾ സെന്ററിൽ വരുന്ന കോളുകൾ പരിശോധിച്ച് ആവശ്യമായ മരുന്ന് ബന്ധപ്പെട്ട ആശുപത്രികളിൽനിന്നും വാങ്ങി ഇരുമ്പനം, അമ്പലമുകൾ എന്നിവിടങ്ങളിലെ പൊതുമേഖലാ എണ്ണ കമ്പനികളിൽനിന്നും പുറപ്പെടുന്ന ടാങ്കർ, ട്രക്ക് ലോറികളിൽ കയറ്റിയാണ്‌ അയക്കുന്നത്‌. അതത് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ മരുന്ന് ഏറ്റുവാങ്ങി രോഗികളുടെ വീട്ടിൽ എത്തിച്ചുനൽകും. ഓരോ ദിവസവും വിവിധ ജില്ലകളിലേക്ക് മരുന്നുകൾ കയറ്റിവിടുന്നുണ്ട്‌. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ ജി സുജിത്കുമാർ, ബ്ലോക്ക് സെക്രട്ടറി കെ ടി അഖിൽദാസ്, പ്രസിഡന്റ്‌ കെ വി കിരൺരാജ് എന്നിവരാണ്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്‌. ഇരുമ്പനം അമ്പലമുകൾ ഭാഗത്തെ ട്രക്ക്, ടാങ്കർ രംഗത്തെ സിഐടിയു പ്രവർത്തകരാണ് ഡിവൈഎഫ്ഐയുടെ  സാമൂഹ്യ സേവനത്തിന്‌ പിന്തുണയുമായി എത്തിയിട്ടുള്ളത്‌.   Read on deshabhimani.com

Related News