പോത്തൻകോട്‌ സ്വദേശിക്ക്‌ കോവിഡ്‌ വന്ന വഴി വ്യക്തതയില്ല ; ഭാര്യയുടെയും മകളുടെയും പരിശോധനാഫലം നെഗറ്റീവ്‌



കോവിഡ്‌ ബാധിച്ച്‌ ചൊവ്വാഴ്‌ച  മരിച്ച പോത്തൻകോട്‌ സ്വദേശി അബ്ദുൾ അസീസിന്‌ രോഗം പകർന്നത്‌ എവിടെനിന്നെന്ന്‌ സ്ഥിരീകരിച്ചിട്ടില്ല. വിദേശരാജ്യങ്ങൾ സഞ്ചരിച്ചിട്ടില്ലാത്ത അസീസ്‌ വിദേശികളുമായി ബന്ധപ്പെട്ടതായും ബന്ധുക്കളുടെ മൊഴിയിലില്ല. അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിലും മരണാനന്തരച്ചടങ്ങുകളിലും സഹകരണ ബാങ്കിന്റെ ചിട്ടി ലേലത്തിലും പള്ളിയിലെ പ്രാർഥനയിലും പങ്കെടുത്തിട്ടുണ്ട്‌. ഈ മാസം 18നാണ്‌ അബ്ദുൾ അസീസ്‌ ജലദോഷത്തെയും പനിയെയും തുടർന്ന്‌ തോന്നയ്‌ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയത്‌. 21ന്‌ വീണ്ടും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. രോഗം കലശലായതോടെ 23ന്‌ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐസൊലേഷനിലേക്ക്‌ മാറ്റുകയായിരുന്നു. ഭാര്യക്കും ഇളയ മകൾക്കുമൊപ്പമാണ്‌  താമസിച്ചിരുന്നത്‌.  ചൊവ്വാഴ്‌ച പുറത്തുവന്ന ഇവരുടെ പരിശോധനാഫലം നെഗറ്റീവാണ്‌. അബ്ദുൾ അസീസ്‌ നിരവധി ചടങ്ങുകളിൽ പങ്കെടുത്തിട്ടുള്ളതിനാൽ പോത്തൻകോട്ടും സമീപത്തെ നാലു പഞ്ചായത്തുകളിലുമുള്ളവരോട്‌ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ്‌ നിർദേശിച്ചു. പോത്തൻകോട്‌ പഞ്ചായത്തിൽ പൂർണ അടച്ചിടലും പ്രഖ്യാപിച്ചു. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മാർച്ച്‌ രണ്ടുമുതലുള്ള റൂട്ട്‌ മാപ്പ്‌ തയ്യാറാക്കി. Read on deshabhimani.com

Related News