ജനശ്രദ്ധയാകർഷിച്ച് ചൂലാല ശിൽപ്പശാല



കൊച്ചി വിത്തുപേനയ്‌ക്കും മഹാപ്രളയകാല അതിജീവനത്തിന്റെ അടയാളമായ ചേക്കുട്ടിപ്പാവയ്‌ക്കും പിന്നാലെ ചൂലാല ആശയം അവതരിപ്പിച്ച്‌ ലക്ഷ്‌മിമേനോൻ. കാഴ്‌ചയില്ലാത്തവർക്ക് വരുമാനം കണ്ടെത്താനുള്ള വഴിയായി ബിനാലെയുടെ ഫോർട്ട് കൊച്ചി കബ്രാൾ യാർഡിലെ ആർട്ട്റൂമിലാണ്‌ ‘ചൂലാല വെറും ചൂലല്ല' എന്ന ശിൽപ്പശാല അരങ്ങേറിയത്‌. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതെന്ന കൊച്ചി–-മുസിരിസ് ബിനാലെയുടെ അടിസ്ഥാനതത്വം അർഥവത്താക്കുന്നതാണ്‌ ശിൽപ്പശാല.  ഈർക്കിൽ കോർത്തും നെയ്‌തും തയ്യാറാക്കുന്ന ചെറിയ ചൂലുകളാണ് ചൂലാല. പക്ഷേ, അത് വെറും ചൂലല്ല; അലങ്കാരവസ്‌തുകൂടിയാണ്‌. ഇത് മെനയുന്നവർക്ക് വെറും ചൂൽമാത്രം. എന്നാൽ, ആ സൃഷ്ടികൾ കാഴ്ചയുള്ളവർക്ക്‌ കണ്ട് ആസ്വദിക്കാം. കാണത്തക്ക ഇടത്ത് ചൂൽ വയ്ക്കാൻ സാഹചര്യമൊരുക്കുന്നത് അതുകൊണ്ടാണ്. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പോത്താനിക്കാട് ട്രെയിനിങ് കം പ്രൊഡക്‌ഷൻ കേന്ദ്രത്തിലെ  സ്ത്രീകൾക്ക് വരുമാനമാർഗം കണ്ടെത്തുകയെന്ന ആശയത്തിൽനിന്നാണ്‌ ചൂലാലയുടെ തുടക്കം. ചൂലിനെക്കുറിച്ച് ഇതുവരെയുള്ള സങ്കൽപ്പങ്ങളെ തകർക്കുന്നതാണ് ചൂലാലയെന്ന് ലക്ഷ്‌മിമേനോൻ പറഞ്ഞു. വൃത്തികേടുകൾ തൂത്തുവാരുന്ന ചൂൽ അപശകുനമായാണ് കണക്കാക്കുന്നത്‌. ഷോകേസുകളിൽ ചൂലാല ഇടംപിടിക്കുന്നതോടെ ആ മനോഭാവം മാറുമെന്ന്‌ ലക്ഷ്‌മി പറയുന്നു. ഈർക്കിൽച്ചൂലുകൾ കൂടുതൽ വ്യാപകമാക്കി ശാരീരികപരിമിതികളുള്ളവർക്ക് വരുമാനമാർഗംകൂടിയാക്കാനുള്ള ശ്രമത്തിലാണ് കാഞ്ഞിരമറ്റം സ്വദേശി ലക്ഷ്‌മി. Read on deshabhimani.com

Related News