പിഎച്ച്‌സികളിൽ മറ്റ് രോഗികൾക്ക്‌ 
ചികിത്സ നിഷേധിക്കുന്നതായി പരാതി



കാസർകോട്‌ പിഎച്ച്‌സികളിലെത്തുന്ന ഇതര രോഗികളെ നിർബന്ധിച്ച്‌ കോവിഡ് പരിശോധന നടത്തുന്നതായി പരാതി.  പരിശോധനക്ക്‌ തയ്യാറാകാത്തവർക്ക്‌ ചികിത്സയും മരുന്നും നിഷേധിക്കുന്നുവെന്നും പരാതിയുണ്ട്‌.  ഇതുകാരണം സാധാരണക്കാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്‌. പഞ്ചായത്തുകളിലെ  ടിപിആർ കുറയ്‌ക്കാൻ  ദിവസവും 500 പേരെ പരിശോധിക്കണമെന്നാണ്‌ നിർദേശം.  വാർഡുകളിൽ ക്യാമ്പ്‌ വെച്ചിട്ടും 125 പേർ മാത്രമാണ്‌ പരിശോധനക്കെത്തുന്നത്‌. ഇതിന്‌ പരിഹാരമായാണ്‌ പിഎച്ച്‌സിയിൽ വരുന്ന രോഗികളെ പരിശോധിക്കൻ തുടങ്ങിയത്‌. അങ്ങനെ ദിവസവും 250 പേരെയെങ്കിലും പരിശോധിക്കാനാണ്‌ ശ്രമം.       കഴിഞ്ഞദിവസം ചെങ്കള പിഎച്ച്‌സിയിലെത്തിയ രോഗികൾക്ക്‌ കോവിഡ്‌ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ചികിത്സ നിഷേധിച്ചതായി പരാതിയുണ്ട്‌. പഞ്ചായത്ത്‌ നിലവിൽ സി കാറ്റഗറിയിലാണ്‌. 14.93 ആണ്‌ ടിപിആർ. തലനാരിഴക്കാണ്‌ കുറേനാളായി ഡി കാറ്റഗറിയിലായിരുന്ന പഞ്ചായത്ത്‌ സിയിലേക്ക്‌ കടന്നുകൂടിയത്‌.   നിർബന്ധമായി കോവിഡ്‌ പരിശോധന നടത്തണമെന്ന്‌ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടുവെന്നും ഇല്ലെങ്കിൽ മരുന്നും ചികിത്സയും ലഭിക്കില്ലെന്നും  പറഞ്ഞതായി  മടങ്ങിപോയവർ പരാതി പറയുന്നു. സർക്കാർ ഉറപ്പ്‌ നൽകുന്ന ചികിത്സ സാധാരണക്കാർക്ക്‌ നിഷേധിക്കുന്ന സമീപനം തിരുത്തണമെന്നാണ്‌ ആവശ്യം.  ദിവസവും 500 പേരെ പരിശോധിക്കണമെന്ന്‌ മേലെനിന്നുള്ള കർശന നിർദേശം. അതു പാലിക്കാനാണ്‌ തങ്ങൾ ശ്രമിച്ചതെന്നും ആർക്കും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. കോവിഡ്‌ പരിശോധന നടത്താത്തവർക്കും മരുന്ന്‌ നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. Read on deshabhimani.com

Related News