കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും 
ആശുപത്രി ഇന്നുമുതൽ ആരംഭിക്കും

കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിലെ അത്യാഹിത വിഭാഗം


കാഞ്ഞങ്ങാട്> ന​ഗരത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും. രാവിലെ എട്ടുമുതൽ പകൽ ഒന്നുവരെ  സ്ത്രീരോഗവിഭാഗം, ശിശുരോഗ വിഭാഗങ്ങളിൽ  ഒപി സേവനം ലഭിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അത്യാഹിത വിഭാഗത്തിന്റെ സേവനവും ഐപിയും  24 മണിക്കൂറും സജ്ജമായിരിക്കും. പകൽ  3.30ന്‌  കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ പുതിയ ലേബർ ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മൂന്ന്‌ ഗൈനക്കോളജിസ്റ്റുകൾ, രണ്ട്‌ പീഡിയാട്രീഷ്യൻമാർ, അനുബന്ധ ജീവനക്കാർ എന്നിവരുണ്ടാകും. സിവിൽ, ഇലക്ട്രിക്കൽ, പ്ലമ്പിങ്, ഗ്യാസ് പൈപ്പ്‌ലൈൻ എന്നിവ പൂർത്തിയാക്കി ഫയർ എൻഒസി, കെട്ടിട നമ്പർ എന്നിവ ലഭ്യമാക്കിയാണ് പ്രവർത്തനസജ്ജമാക്കിയത്. 90 കിടക്കകളോട് കൂടിയ ആശുപത്രിയിൽ നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ അത്യാഹിത വിഭാഗം, അമ്മമാർക്കും ഗർഭിണികൾക്കുമുള്ള ഹൈ ഡിപെൻഡൻസി യൂണിറ്റ്, മോഡുലാർ ഓപ്പറേഷൻ തിയേറ്റർ എന്നിവയും പ്രവർത്തന സജ്ജമായി.  സംസ്ഥാന സർക്കാരിന്റെ 9.41 കോടിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. 3.33 കോടി രൂപയിൽ ആശുപത്രി ഉപകരണങ്ങൾ ലഭ്യമാക്കി. മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം എന്നിവക്ക്‌ 2.85 കോടി രൂപ ചെലവിട്ടു. ആശുപത്രി അണുവിമുക്തമായെന്ന സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനായി സാമ്പിൾ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ഇത് ലഭിച്ചാൽ ഓപ്പറേഷൻ തിയറ്റർ, ലേബർ റൂം, നവജാത ശിശുക്കൾക്കായള്ള അത്യാഹിത വിഭാഗം എന്നിവ പ്രവർത്തനമാരംഭിക്കും. ജില്ലയ്‌ക്ക്‌ പ്രത്യേക പരിഗണന: മന്ത്രി വീണാ ജോർജ്‌ ജില്ലയുടെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നൽകി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിന്റെ ഭാഗമാണ്‌ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വെള്ളിയാഴ്‌ച പ്രവർത്തനമാരംഭിക്കുന്നത്‌. ജില്ലയിൽ ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കി. ആദ്യമായി കാർഡിയോളജിസ്‌റ്റിനെ നുവദിച്ചു. കാത്ത് ലാബ് പ്രവർത്തന സജ്ജമാക്കി. സിസിയു, ഇഇജി മെഷീൻ സ്ഥാപിച്ചു. കാസർകൊട്‌ മെഡിക്കൽ കോളേജിൽ ഒപി ആരംഭിച്ചു. ന്യൂറോളജി, നെഫ്രോളജി സൂപ്പർ സ്‌പെഷ്യാലിറ്റി ഒപികളും മറ്റെല്ലാ സ്‌പെഷ്യാലിറ്റി ഒപികളും ആരംഭിച്ചു. മന്ത്രി അറിയിച്ചു.   Read on deshabhimani.com

Related News