ഇസ്‌തിരി ജോലിക്ക്‌ ഇത്തിരി വരുമാനേയുള്ളൂ!

നീലേശ്വരം പേരോലിലെ ഇസ്‌തിരിക്കടയിൽ കൃഷ്ണകുമാർ


നീലേശ്വരം വസ്‌ത്രങ്ങൾ തേച്ചുമിനുക്കി  ജീവിതം തേഞ്ഞുപോയ കഥയാണ് പേരോലിൽ തേപ്പുകട നടത്തുന്ന 68 കാരനായ  കൃഷ്‌ണകുമാറിന്‌ പറയാനുള്ളത്. കൃത്യമായി പറഞ്ഞാൽ 51  വർഷമായി നാട്ടുകാരുടെ കൃഷ്ണേട്ടനെന്ന കൂവാറ്റിയിലെ  കൃഷ്ണകുമാർ തേപ്പുകട നടത്തുന്നു. തുടക്കത്തിൽ ഒരു ഷർട്ടിന് 10 പൈസയായിരുന്നു കൂലി. കടവാടക ആറുരൂപ. എന്നും കടയടക്കുമ്പോഴേക്കും ഉടമയെത്തി 20 പൈസ വാങ്ങിപ്പോകും.  പേരോൽ അന്ന് പ്രധാന കച്ചവടകേന്ദ്രമായിരുന്നു. പൊലീസ് സ്റ്റേഷൻ, എക്സൈസ് ഓഫീസ്, ദിനേശ് ബീഡി കമ്പനി എല്ലാം ഇന്ന് അപ്രത്യക്ഷമായി.  പല ഇസ്‌തിരിക്കടകളും ആധുനിക സംവിധാനങ്ങളുമായി ന്യൂജൻ ആയെങ്കിലും ചിരട്ടക്കരിയിലാണ്‌  ഇവിടെ ഇസ്തിരിയിടൽ.  ആറുരൂപ മാസവാടകയിൽ തുടങ്ങിയ ജോലിയിൽ രോഗം മാത്രമാണ് മിച്ചമെന്ന് കൃഷ്ണേട്ടൻ പറയുന്നു. ചിരട്ടക്കരിയുടെയും തേപ്പ് പെട്ടിയുടെ ചൂടും ശരീരത്തിൽ അലർജിയുണ്ടാക്കി.  പല ചികിത്സ നടത്തിയെങ്കിലും  പൂർണമായി മാറുന്നില്ല.  എം രാജഗോപാലൻ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ തുടങ്ങിയവരെല്ലാം ഈ  കടയിലെത്തുന്നവരാണ്. ഇന്ന് ഒരു ഷർട്ടിന് 15 രൂപയാണ് കൂലി, ചിലതിന് 25 രൂപ വരെ ഈടാക്കും. എന്നാലും മെച്ചമൊന്നുമില്ല.  ചിരട്ട ആവശ്യത്തിന്‌ കിട്ടാനുമില്ല. അതുകൊണ്ട് പലരും ഈരംഗത്ത്‌ തുടരുന്നുമില്ല.     Read on deshabhimani.com

Related News