ആടിത്തിമിർക്കാൻ 
കുഞ്ഞുങ്ങളും

അങ്കണവാടി പ്രവേശനത്തിനൊരുങ്ങുന്ന കുട്ടികളെ വീടുകളിലെത്തി സ്വീകരിക്കുന്ന നാട്ടക്കൽ അങ്കണവാടിയിലെ 
ടീച്ചറും സംഘവും


വെള്ളരിക്കുണ്ട്   അങ്കണവാടിയിൽ എത്തുന്നതിനുമുമ്പേ സമ്മാനങ്ങൾ കിട്ടിയ സന്തോഷത്തിലാണ് ഇവിടെത്തെ കുഞ്ഞുങ്ങൾ. അങ്കണവാടിയിലെത്തിയാൽ ഇനി എന്തൊക്കെ സമ്മാനങ്ങൾ കിട്ടും എന്നതാണ് ഇപ്പോൾ അവരുടെ പ്രതീക്ഷ. പരപ്പ ഐസിഡിഎസ്സിലെ നാട്ടക്കൽ അങ്കണവാടിയിലാണ് കുട്ടികളെ വരവേൽക്കാൻ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി ടീച്ചറും എഎൽഎംഎസ് കമ്മറ്റിയും കുഞ്ഞുങ്ങളുടെ മനം കവർന്നത്.  20 കുട്ടികളെയാണ് അങ്കണവാടിയിൽ ചേർക്കാൻ ഇവിടെ അങ്കണകൂട്ടം കണ്ടെത്തിയത്.  ഈ കുട്ടികളുടെ വീടുകളിലേക്ക് സമ്മാനങ്ങളുമായി കമ്മറ്റിയംഗങ്ങളും അങ്കണവാടി ജീവനക്കാരുമെത്തിയപ്പോൾ കുഞ്ഞുമുഖങ്ങളിൽ പുഞ്ചിരി വിരിഞ്ഞു. ക്രയോൺസും, സ്മൈൽബോളും, കളർ ബുക്കുകളും അവരുടെ സന്തോഷത്തിന് സമാനതകളില്ലാതാക്കി. ഇവർ ചൊവ്വാഴ്‌ച  അങ്കണവാടിയിലെത്തുമ്പോൾ ബാഗുകളും, പഠനോപകരണങ്ങളും, മധുരപലഹാരങ്ങളുമായി പ്രവേശനോത്സവം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.  അമ്മയോടൊപ്പം ഇരുന്ന് സെൽഫികോർണറിൽ ഇരുന്ന് ഫോട്ടോ എടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിൽ പ്രത്യേകം തയാറാക്കിയ സ്ക്രീനിൽ ' ഞാൻ എന്റെ കുട്ടിയെ അങ്കണവാടിയിൽ ചേർത്തു നിങ്ങളോ...' എന്ന കുറിപ്പിന് താഴെ കുട്ടിയുടെ പേരെഴുതി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായതിൽ രക്ഷിതാക്കൾക്കും അഭിമാനിക്കാം.  അങ്കണവാടിയിൽനിന്ന് ഒന്നാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകാനും സംവിധാനമുണ്ട്.  നേരത്തെ അങ്കണവാടികളിൽ ആദ്യമെത്തുന്ന കുട്ടികളുടെ കൂട്ടക്കരച്ചിലുകൾക്ക് പകരം ആഹ്ലാദത്തിന്റെ നിമിഷങ്ങളൊരുക്കുകയാണ്‌  പുതിയകാലത്തെ അങ്കണവാടികൾ.   Read on deshabhimani.com

Related News