ആർജവ്‌ പറഞ്ഞു; മന്ത്രി കേട്ടു

കാഞ്ഞങ്ങാട്‌ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥി 
ആർജവിന് മുൻഗണനാ റേഷൻകാർഡ് മന്ത്രി മുഹമ്മദ് റിയാസ് കൈമാറിയപ്പോൾ.


 കാഞ്ഞങ്ങാട്‌ കാഞ്ഞങ്ങാട്ടെ ആർജവിന് സ്‌നേഹമുത്തം നൽകി മന്ത്രി അഹമ്മദ് ദേവർ കോവിൽ. ‘ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ’ എന്ന വയലാറിന്റെ അശ്വമേധം കവിതയിലെ വരികൾ ആർജവ് മന്ത്രിക്കായി ചൊല്ലിയപ്പോഴാണ്‌ മന്ത്രിയുടെ സ്‌നേഹസമ്മാനം. ഹൊസ്ദുർഗ് അദാലത്ത് വേദിയിൽ മന്ത്രിക്ക് മുന്നിൽ അപേക്ഷ നൽകാനാണ് അമ്മ കെ പി ചിത്രക്കൊപ്പം ആർജവും എത്തിയത്.  അദാലത്ത് വേദിയിലേക്ക് കടക്കുമ്പോൾ തന്നെ ആർജവ്‌ മന്ത്രി പി എ മുഹമ്മദ് റിയാസിനെ കണ്ടു. ‘‘സ്കൂളിലേക്ക് സൈക്കിളിലാണ് ഞാൻ പോകുന്നത്. റോഡ് ശരിയില്ലാത്തതിനാൽ അരികിലൂടെ  സൈക്കളോടിച്ച് പോകാൻ കഴിയുന്നില്ല’–- കാഞ്ഞങ്ങാട് ദുർഗ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആർജവ്‌ പറഞ്ഞു. എന്താണ്‌ വിഷയമെന്ന്‌ മന്ത്രി  ഉദ്യോഗസ്ഥരോട്‌ ചോദിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കുമെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പും നൽകി. വടകരയിൽ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന എ മോഹൻദാസിന്റെയും  കെ പി ചിത്രയുടെ രണ്ടുമക്കളിൽ ഇളയവനാണ് ആർജവ്. ഇവരുടെ രണ്ടുമക്കളും ഭിന്നശേഷിക്കാരാണ്. രണ്ടു മക്കളെയും ഒറ്റക്ക്‌ ശ്രദ്ധിക്കാൻ അമ്മക്ക്‌ മാത്രമായി സാധിക്കുന്നില്ല. അതിനാൽ, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ജോലിയിൽ മാറ്റം നൽകണമെന്ന അപേക്ഷയുമായാണ് ഇവർ അദാലത്തിലെത്തിയത്. ജില്ലാമെഡിക്കൽ ഓഫീസറെകണ്ട്‌ ഉടൻ സ്ഥലംമാറ്റം പരിഗണിക്കാൻ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ നിർദേശം നൽകി.  കൂടാതെ ഈ കുടുംബത്തിന്റെ റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയും നൽകി.    Read on deshabhimani.com

Related News