മർദിച്ചവരിൽ ഒരാൾ ഗോവയിൽ പിടിയിൽ



കാസർകോട് ദുബായിയിൽനിന്ന്  വിളിച്ചു വരുത്തി യുവാവിനെ കള്ളക്കടത്ത് സംഘം  മർദിച്ച് കൊന്ന കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ ഗോവയിൽ പൊലീസ് പിടിയിലായി. മറ്റുള്ളവർക്കായി പൊലീസിന്റെ  വിവിധ സംഘങ്ങൾ കർണാടക, ഗോവ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയാണ്.  ഗോവ പൊലീസിന്റ സഹായത്തോടെയാണ്  പ്രത്യേക അന്വേഷണ സംഘം മുഖ്യ പ്രതിയെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസ്‌ പിന്നാലെയെത്തിയത്‌.   അക്രമികളിൽ തിരിച്ചറിഞ്ഞ മറ്റുള്ളവരും  പൊലീസിന്റെ നിരീക്ഷണത്തിലാണ്.  ബുധനാഴ്ച കൂടുതൽ അറസ്റ്റുണ്ടായേക്കും. സംഭവത്തിൽ പ്രതികളെ സഹായിച്ചവരിൽ ചിലരും പൊലീസ് കസ്റ്റഡിയിലുണ്ട്.  സംഭവത്തിൽ ഇന്നോവ, ഐ 20, ഡിസയർ, മാരുതി 800 കാറുകളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖ്, ജേഷ്ഠൻ അൻവർ, അൻസാർ എന്നിവരെ  തട്ടി കൊണ്ട് പോയതും സിദ്ദിഖിന്റെ മൃതദേഹം ബന്തിയോടെ ആശുപത്രിയിൽ കൊണ്ടിട്ടതും പ്രതികൾ രക്ഷപ്പെടാൻ സഞ്ചരിച്ചതുമായ വാഹനങ്ങളാണിത്. ഇവയുടെ  സഞ്ചാരപഥങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ്  പ്രതികളെ കണ്ടത്തുന്നതിന് പൊലീസിന് സഹായമായത്. നേരിട്ടും അല്ലാതെയും പതിനഞ്ചോളം പേർക്ക് സംഭവത്തിൽ പങ്കുണ്ട്. കൊന്നത് 
സിയാ സംഘംതന്നെ വിദേശ കറൻസി നഷ്ടപ്പെട്ട ഉപ്പളയിലെ ഒരാൾക്കായി ക്വട്ടേഷൻ ഏറ്റെടുത്ത അന്താരാഷ്ട്ര കുറ്റവാളി പൈവളിഗെയിലെ സിയയുടെ സംഘമാണ് സിദ്ദിഖിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. സിനിമ നടി ലീന മരിയ പോളിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ കൊച്ചി കടവന്ത്ര ബ്യൂട്ടി പാർലറിലേക്ക് വെടിവച്ച കേസിൽ  അറസ്റ്റിലായ സിയ വിയ്യൂർ സെൻട്രൽ ജയിലിലാണ്. അധോലോക നേതാവ് രവി പൂജാരിക്ക് വേണ്ടിയായിരുന്നു  ക്വട്ടേഷൻ. സിയയുടെ  കീഴിൽ പ്രവർത്തിക്കുന്ന സംഘമാണ് വിദേശ കറൻസി ഇടപാടിൽ ക്വട്ടേഷനെടുത്ത്  സിദ്ദിഖിനെയും കൂടെയുള്ളവരെയും തട്ടികൊണ്ട് പോയി മർദ്ദിച്ചത്.  തലകീഴായി 
തൂക്കിയിട്ട്‌ തല്ലി പൈവളിഗെയിലെ സിയയുടെ പഴയ വീട്ടിൽ ബന്ദിയാക്കിയും തൊട്ടടുത്തുള്ള കാട്ടിലുമാണ് മർദ്ദിച്ചത്. കാട്ടിലെ മരത്തിൽ കെട്ടി തൂക്കിയായിരുന്നു മർദനം. സിദ്ദിഖിന്റെ കൈവശം ദുബായിൽ എൽപ്പിച്ച 40 ലക്ഷത്തോളം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള വിദേശ കറൻസി ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം.  തലച്ചോറിനേറ്റ  മാരകമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.    ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.   Read on deshabhimani.com

Related News