മധുരമെൻ മലയാളം



നീലേശ്വരം നമ്മൾ ആദ്യം സംസാരിച്ചഭാഷ,  സ്വപ്നം കണ്ട ഭാഷ, ആദ്യം എഴുതിയ ഭാഷ.... മാതൃഭാഷയായ മലയാളത്തെ തള്ളാതെ മികവോടെ പഠിപ്പിക്കാൻ അവസരമൊരുക്കുകയാണ്‌    ‘ഞാനും എന്റെ മലയാളവും’  പദ്ധതിയിലൂടെ മടിക്കൈ പഞ്ചായത്ത്‌.  കുട്ടികളെ ചിന്താശേഷിയുള്ളവരായി വളര്‍ത്താന്‍  മാതൃഭാഷയില്‍ ജീവിച്ചുതുടങ്ങാന്‍ പ്രേരിപ്പിക്കണമെന്ന ചിന്തയിൽനിന്നാണ്‌ കോവിഡ്‌ കാലത്തുണ്ടായ ഭാഷാ പഠന വിടവ്‌ നികത്താൻ പുതിയ പദ്ധതിയൊരുക്കുന്നത്‌.   സമഗ്ര ഭാഷാബോധന പരിപാടിയിലൂടെ ഒരിക്കൽ കൂടി സംസ്ഥാന ശ്രദ്ധയിലേക്കെത്തുകയാണ്‌ മടിക്കൈ. ഇതിന്റെ  മൊഡ്യൂൾ    31 ന് രാവിലെ പത്തിന്‌  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി ബേബി പ്രകാശിപ്പിക്കും. ചടങ്ങ്‌  കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ എംപി  പി കരുണാകരൻ  മുഖ്യാതിഥിയാവും.  എന്റെ ഭാഷ എന്റെ വീടാണ്‌ എന്റെ ഭാഷ എന്റെ വീടാണ്‌,എന്റെ ആകാശമാണ്‌, എന്റെ ഭാഷ ഞാൻ തന്നെയാണ്‌  എന്നു തുടങ്ങി  എം ടി വാസുദേവൻ നായർ എഴുതിയ പ്രസിദ്ധമായ ഭാഷാപ്രതിജ്ഞയും കുട്ടികളിലേക്കെത്തിക്കും.  മൂന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളിലെ പഠനവിടവ് നികത്തി പ്രതീക്ഷിത നിലവാരത്തിലുള്ള ഭാഷാശേഷിയിലേക്ക് അവരെ എത്തിക്കും. ഇതിനായി ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ. എംബാലന്റെ നേതൃത്വത്തിൽ പ്രത്യേക അധ്യാപക ശിൽപശാല സംഘടിപ്പിച്ച് മൊഡ്യൂൾ തയ്യാറാക്കി.  45 ദിവസംകൊണ്ട് 62 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക ക്ലാസ് നടത്തും. വിലയിരുത്തലിനായി പ്രൊഫ.കെ പി ജയരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേകസമിതിയുമുണ്ട്. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ എസ് പ്രീത, വൈസ് പ്രസിഡന്റ്‌ വി പ്രകാശൻ, പി സത്യ,  രമ പത്മനാഭൻ, എം രാജൻ  തുടങ്ങിയവർ പങ്കെടുത്തു. വഴികാട്ടിയത്‌ വിദ്യാഭ്യാസ കോംപ്ലക്‌സ്‌ നീലേശ്വരം കുടുംബശ്രീ മുതൽ ഖാദർ കമ്മിറ്റി റിപ്പോർട്ടിനുവരെ   മാതൃകയും പരീക്ഷണശാലയുമാണ്‌ മടിക്കൈ പഞ്ചായത്ത്. ജില്ലാ കൗൺസിൽ കാലത്ത് പ്രത്യേക വിദ്യാഭ്യാസ കോംപ്ലക്സ് എന്ന ആശയം മുന്നോട്ടുവെക്കുകയും, വിദ്യാഭ്യാസ നയരേഖ പുറത്തിറക്കുകയും ചെയ്ത് ശ്രദ്ധ നേടി .   പഞ്ചായത്തിലെ പത്ത് സർക്കാർ വിദ്യാലയത്തിലെ മൂന്നുമുതൽ ഏഴ് വരെ ക്ലാസുകളിലെ  350 കുട്ടികൾക്കാണ് സ്കൂൾ സമയത്തെ ബാധിക്കാതെ രാവിലെയും വൈകിട്ടുമായി പ്രത്യേക ഭാഷാ പരിശീലനം നൽകുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ ലഘുഭക്ഷണവും നൽകും.   90 പേരെ ഉൾപ്പെടുത്തി അധ്യാപക ബാങ്കും സജ്ജമാക്കി.ഇവർ സൗജന്യമായാണ് കുട്ടികളെ പഠിപ്പിക്കുക.  ഇവർക്ക് പ്രത്യേക പരിശീലനവും നൽകി.  ആദ്യഘട്ടത്തിൽ  15 ദിവസം പിന്നിട്ടപ്പോൾ കുട്ടികളിൽ നല്ല മാറ്റമാണ് കാണാൻ കഴിഞ്ഞതെന്ന് രക്ഷിതാക്കൾ പറഞ്ഞു.     Read on deshabhimani.com

Related News