തുരത്തൽ ദൗത്യം വിജയത്തിലേക്ക്‌ 
ആനകൾ പുലിപ്പറമ്പ് കടന്നു

ദേലംപാടിയിലെ പുലിപ്പറമ്പിൽ കാട്ടാനകളെ തുരത്തുന്ന വനംവകുപ്പ് സംഘം


 മുള്ളേരിയ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യാപകമായി കൃഷി നശിപ്പിച്ച്‌  ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർത്തിയ കാട്ടാനക്കൂട്ടങ്ങളിൽ ഏഴെണ്ണത്തെ  കർണാടക വനാതിർത്തിയായ പുലിപ്പറമ്പ് കടത്തി. ജനവാസമേഖലയിലെ കാട്ടാനക്കൂട്ടങ്ങളിൽ പ്രധാനപ്പെട്ടവ അതിർത്തി കടന്നതോടെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ആനപ്രതിരോധ പദ്ധതിയുടെ ഭാഗമായുള്ള തൂക്ക് വേലി ചാർജ് ചെയ്തു. ടീം ക്യാപ്റ്റൻ എം പി രാജു എസ്എഫ്ഒ, ജയകുമാർ എസ്എഫ്ഒ, അഭിലാഷ്, സനൽ ഇരിയണ്ണി, അമൽ, ബിപിൻ കാനത്തൂർ, നിവേദ് ബാവിക്കര എന്നിവരടങ്ങിയ ടീം ഏഴ് ദിവസം തുടർച്ചയായി നടത്തിയ ദൗത്യത്തിലൂടെയാണ്‌ അതിർത്തി കടത്താനായത്. കാനത്തൂർ–-നെയ്യങ്കയം പ്രദേശങ്ങളിൽ ദിവസങ്ങൾ  തമ്പടിച്ച കൂട്ടത്തെ 45 കിലോമീറ്റർ ദൂരമാണ് തുരത്തിയത്. കുട്ടിയാനകൾ ഉൾപ്പെട്ട കൂട്ടാതെ തുരത്താൻ ഏറെ പ്രയാസപ്പെട്ടു.  12 ആനകളാണ് കാറഡുക്ക വനമേഖലയിൽ മാസങ്ങളോളം കൃഷിനാശമുണ്ടാക്കിയത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന തൂക്ക് വേലി നിർമാണത്തിന്റെ ആദ്യഘട്ടത്തിലെ വേലി പൂർത്തിയായെങ്കിലും കാട്ടാനകളെ പുറത്ത് കടത്തി ചാർജ് ചെയ്യാമെന്നായിരുന്നു തീരുമാനം. ജില്ലാ വനം ചീഫ്‌ പി ബിജു, കാസർകോട് വനമേഖല വിഭാഗം ചീഫ്‌  ടി ജി സോളമൻ, കാറഡുക്ക വനം ഓഫീസർ എൻ വി സത്യൻ എന്നിവരുടെ  ഇടപെടലിൽ ജില്ലയിലെ ജീവനക്കാരെ ഉപയോഗിച്ചാണ് ആനകളെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. ഇതിനായി പ്രത്യേക ദൗത്യസംഘവും രൂപീകരിച്ചിരുന്നു. വയനാട്ടിൽ നിന്നും ദ്രുതകർമസേനയെത്തിയെങ്കിലും സഹപ്രവർത്തകൻ കാട്ടാനകളെ തുരത്തുന്നതിടെ അപകടത്തിൽപ്പെട്ട് മരിച്ചതോടെ സംഘം മടങ്ങി. കണ്ണൂരിൽനിന്നുള്ള സംഘമെത്തി കാട്ടാനകളെ തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ജില്ലയിലെ വനംവകുപ്പ് ജീവനക്കാരെ ഉപയോഗിച്ചും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ രൂപീകരിച്ച പ്രത്യേക ആർആർടി, വനംവകുപ്പ് ആർആർടി എന്നിവരെ ഉപയോഗിച്ച് തുരത്താൻ  തുടങ്ങി.  മറ്റ് അഞ്ച് ആനകൾ കാട്ടിപ്പാറ, കൊട്ടംകുഴി, മുളിയാർ വനമേഖലകളിൽ തമ്പടിച്ചിട്ടുണ്ട്. അവയെ കൂടി തുരത്താനാണ് പദ്ധതി.   Read on deshabhimani.com

Related News