തുടങ്ങിയ റോഡുപണി തുടങ്ങാൻ ആവശ്യപ്പെട്ട്‌ സമരം ഈ കോൺഗ്രസുകാരുടെ ഒരുകാര്യം



വെള്ളരിക്കുണ്ട്    മലയോര ഹൈവേ കോളിച്ചാൽ ചെറുപുഴ റീച്ചിൽ പണി തുടങ്ങി. പക്ഷേ ഇതൊന്നുമറിയാതെ, പണിതുടങ്ങിയില്ല എന്നാരോപിച്ച്‌ കോൺഗ്രസ്‌ സമര പ്രഹസനം. വേനൽ മഴയിൽ റോഡ് തകർന്ന് ഗതാഗത തടസം നേരിട്ട  കാറ്റാംകവല, മരുതോം വനമേഖലയിൽ അറ്റകുറ്റപ്പണിക്കായി സർക്കാർ 15 ലക്ഷം രൂപ  അനുവദിച്ചിരുന്നു. പണി തുടങ്ങാൻ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടിയപ്പോൾ സിപിഐ എം കേരള റോഡ് ഫണ്ട് ബോർഡ് കാഞ്ഞങ്ങാട് ഓഫീസ് ഉപരോധിച്ചു.  എം രാജഗോപാലൻ എംഎൽഎ ശ്രദ്ധയിൽ പെടുത്തിയതിനെതുടർന്ന്‌  മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ട് ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പ്‌ പണി ആരംഭിച്ചു.  ദേശാഭിമാനിയടക്കമുള്ള എല്ലാ പത്രങ്ങളിലും വാർത്തയും വന്നു. എന്നാൽ ഇതൊന്നും കോൺഗ്രസ് നേതാക്കൾ അറിഞ്ഞ മട്ടില്ല. കാറ്റാംകവലയിലാണ് പണി തുടങ്ങിയത്. മരുതോത്ത് പണിതുടങ്ങാനുളള സാധനം ഇറക്കുകയും ചെയ്തു. അപ്പോഴാണ്‌ റോഡ് ഫണ്ട് ബോർഡ് ഓഫീസിന്‌ മുന്നിൽ കോൺഗ്രസുകാരുടെ സമരനാടകം. 89 കോടി രൂപ ചെലവിൽ നിർമിക്കുന്ന 32 കിലോമീറ്റർ  റോഡിന്റെ 90 ശതമാനവും പൂർത്തിയായി. കാറ്റാംകവല, മരുതോം ഭാഗത്തുള്ള വനമേഖലയിലെ മൂന്ന് കിലോമീറ്റർ ഭാഗം മാത്രമാണ്‌ ബാക്കി.    Read on deshabhimani.com

Related News