അക്ഷര നക്ഷത്രം 
തിളങ്ങുന്നുണ്ടിപ്പോഴും...

ചെങ്കള ഇന്ദിരാനഗറിൽ മീത്തൽ മുഹമ്മദലിയുടെ വീട്ടിലെത്തിയ സിപിഐ എം ജില്ലാസെക്രട്ടറി 
എം വി ബാലകൃഷ്‌ണൻ, ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ ലോക്കൽസെക്രട്ടറി എ ആർ ധന്യവാദ് 
എന്നിവർ ദേശാഭിമാനി വിശേഷങ്ങൾ പങ്കിടുന്നു


കാസർകോട്‌ ചെങ്കള ഇന്ദിരാനഗറിൽ മീത്തൽ മുഹമ്മദലിയുടെ വീട്ടിലേക്കുള്ള ഗേറ്റിൽ തന്നെ തിളങ്ങി നിൽക്കുന്നത്‌ കാണാം ദേശാഭിമാനി  പത്രപ്പെട്ടി. ആറുപത്‌ വർഷത്തോളം നീളുന്ന ദേശാഭിമാനി വായനയുടെ സാക്ഷ്യം കൂടിയാണത്‌. കാസർകോട്‌ നഗരത്തിലെ വ്യാപാരി കൂടിയായ മുഹമ്മദാലി, പത്രത്തിന്റെയും പാർടിയുടെയും സഞ്ചരിക്കുന്ന ഓർമപുസ്‌തകവും കൂടിയാണ്‌. 1965 മുതൽ അദ്ദേഹം ദേശാഭിമാനി വായിക്കുന്നുണ്ട്‌. കാസർകോട്‌ ട്രാഫിക്ക്‌ സർക്കിളിനടുത്ത്‌ അക്കാലം പയ്യന്നൂരുകാരനായ കുഞ്ഞമ്പുവേട്ടന്‌ തുന്നൽക്കടയുണ്ടായിരുന്നു. ആ കടയിൽ വന്ന പത്രത്തിലെ അക്ഷരങ്ങൾ മുഹമ്മദലിയെ മോഹിപ്പിച്ചു. അതിലെ വാർത്തകളിൽ തിളങ്ങുന്ന പോരാട്ടങ്ങൾ അദ്ദേഹത്തെ ത്രസിപ്പിച്ചു. ലീഗ്‌ കുടുംബത്തിൽ നിന്നും വന്ന അദ്ദേഹം, അതോടെ  എന്നന്നേക്കുമായി കമ്യൂണിസ്‌റ്റുകാരനായി.  കോളേജ്‌ പഠനം തളിപ്പറമ്പ്‌ സർ സയിദ്‌ കോളേജിൽ. ഹോസ്‌റ്റലിൽ അക്കാലം ദേശാഭിമാനിയില്ല. വാർഡനോട്‌ പറഞ്ഞ്‌, പത്രം വരുത്തിച്ചു. അന്നുമുതൽ അദ്ദേഹം പത്രപ്രചാരകനുമായി. പഠനത്തിന്‌ ശേഷം കോൺട്രാക്‌റ്റ്‌ ജോലിയും ബിസിനസുമായി പലയിടത്തും സഞ്ചരിച്ചു. എവിടെയെത്തിയാലും ദേശാഭിമാനി വായന നിർബന്ധം. അന്തമാനിൽ പോയപ്പോൾ പത്രം കിട്ടാൻ ഒരുവഴിയുമില്ല. ആഴ്‌ചയിൽ രണ്ടുതവണ വരുന്ന വിമാനത്തിൽ തിരുവനന്തപുരത്തുനിന്നും പത്രമെത്തിച്ചു. ഒരുതവണ മൂന്നും രണ്ടാം തവണ നാലും പത്രം വീതം പത്രമെത്തി. അതെല്ലാം ഒറ്റയിരിപ്പിന്‌ വായിച്ചു തീർക്കും. ഗോവയിലുണ്ടായിരുന്ന കാലത്ത്‌ കിട്ടുന്നത്‌ തിരുവനന്തപുരം എഡിഷൻ. തൃപ്‌തി പോരാഞ്ഞ്‌ കാസർകോട്‌ എഡിഷൻ പത്രം പോസ്‌റ്റലിൽ വരുത്തിച്ചു. ഇന്ന്‌ ഓൺലൈൻ പത്രം വായിക്കാൻ സൗകര്യമുണ്ട്‌. അതൊന്നുമില്ലാത്ത കാലത്തെ പത്രവായനയുടെ ലഹരി, അനുഭവങ്ങൾ പങ്കുവക്കുമ്പോൾ മുഹമ്മദലിയിൽ ജ്വലിച്ചു. പത്രപ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, ലോക്കൽസെക്രട്ടറി എ ആർ ധന്യവാദ്   എന്നിവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി വിശേഷങ്ങൾ പങ്കിട്ടു.  Read on deshabhimani.com

Related News