മാലോം ടൗൺ ഇങ്ങനെ പോര



വെള്ളരിക്കുണ്ട് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് മാലോം ടൗൺ. മലയോര, കുടിയേറ്റ മേഖലയിലെ പ്രധാന പട്ടണമായിട്ടും അടിസ്ഥാന സൗകര്യം ഇനിയും ഒരുങ്ങിയിട്ടില്ല.  അന്തർജില്ലാ സർവീസ് ഉൾപ്പെടെ നിത്യേന നൂറുകണക്കിന് ബസ്‌ എത്തുന്ന സ്ഥലമാണ്‌. എന്നിട്ടും ഒരേസമയം ഒന്നിലധികം വാഹനങ്ങൾ വന്നാൽ ഗതാഗതകുരുക്ക്‌ ഉറപ്പാണ്‌.  മലയോര ഹൈവേയുടെ ഭാഗമായി റോഡ് മെക്കാഡാം ടാർ ചെയ്‌തിട്ടുണ്ട്‌ എന്നത്‌ മാത്രമാണ്‌  ഏക സൗകര്യം.  ഓട്ടോ ഉൾപ്പടെയുള്ള ടാക്സി വാഹനങ്ങൾ ഇന്നും റോഡരികിലാണ്‌ പാർക്ക് ചെയ്യുന്നത്. ചുള്ളി, പുല്ലൊടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് വണ്ടികൾ പാർക്ക് ചെയ്യുന്നതും റോഡരികലാണ്. 150 ഓളം ഓട്ടോറിക്ഷകളാണ് റോഡിന്റെ വശങ്ങളിലായി പാർക്ക് ചെയ്യുന്നത്.  ടാക്സികൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാത്രി എട്ടുവരെയും തിരക്കുള്ള ടൗണിൽ  ബസ്‌സ്‌റ്റാൻഡോ  നല്ല  കാത്തിരിപ്പ് കേന്ദ്രമോയില്ല. ഉള്ള കാത്തിരിപ്പുകേന്ദ്രം പൊളിഞ്ഞുവീഴാറായി.  ടൗണിലെത്തുന്ന യാത്രക്കാർക്ക് മൂത്രമൊഴിക്കാൻ പോലുമുള്ള സൗകര്യമില്ല.   മിനി ബസ്‌സ്‌റ്റാൻഡ് നിർമിച്ചാൽ ടൗണിന്റെ മുഖച്ഛായ മാറുന്നതിനൊപ്പം ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാനും സാധിക്കും.  മാലോത്ത് ഒരു ദേശസൽകൃത ബാങ്കിനായി മുറവിളി തുടങ്ങിയിട്ട് കാലങ്ങളായി. നിലവിൽ 10 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് വെള്ളരിക്കുണ്ടിലെത്തണം ഒരു ബാങ്ക് കണ്ടുപിടിക്കാൻ. പശ്‌ചാത്തല സൗകര്യവും വികസനവും ഒരുക്കേണ്ട പഞ്ചായത്ത് ഭരണസമിതിയാകട്ടെ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല. ദൂര സ്ഥലങ്ങളിൽ നിന്നടക്കം വ്യാപാര ആവശ്യത്തിനും മറ്റുമായി നിരവധി പേർ ടൗണിൽ എത്തുന്നുണ്ട്. ഇവർ വരൂന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും ടൗണിൽ സൗകര്യമില്ല. ദേശസൽകൃത ബാങ്കിന്റെ അഭാവം വ്യാപാരികളെയും പൊതുജനങ്ങളെയും എല്ലാം ഏറെ ബുദ്ധിമുട്ടിലാക്കുന്നു. പി കെ കരിം, വ്യാപാരി മാലോം    ടൗണിൽ ടാക്സി പാർക്കിങ് സംവിധാനം അടിയന്തിരമായി ഒരുക്കണം. ടാക്സി , ചുമട്ട് തൊഴിലാളികൾ തുടങ്ങി ടൗണിൽ എത്തുന്നതും ജോലി ചെയ്യുന്നതുമായ തൊഴിലാളികൾക്ക് വിശ്രമകേന്ദ്രം ഒരുക്കണം. സൗകര്യത്തോടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണം. പൊതുശൗചാലയം അടിയന്തിരമായി വേണം. സനിൽ ബാബു  ഓട്ടോ ഡ്രൈവർ, മാലോം   ടൗണിൽ ഒരു സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സംവിധാനം അടിയന്തിരമായും നടപ്പാക്കണം. മലയോര ഹൈവേ കടന്നുപോകുന്ന പ്രധാന ടൗണായ ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണം.  സുജാത ഗോപാലൻ,  വനിതാ ബാങ്ക്, മാലോം Read on deshabhimani.com

Related News