കേന്ദ്ര സർവകലാശാല ഫാക്കൽറ്റി യോഗത്തിൽ വകുപ്പ് മേധാവിയുടെ ഭീഷണി



കാസർകോട്  കേന്ദ്ര സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌  പൊളിറ്റിക്‌സ്‌ ഫാക്കൽറ്റി യോഗത്തിൽ വകുപ്പ് മേധാവി  ഭീഷണിപ്പെടുത്തിയതായി പരാതി. മുൻപിവിസിയും വകുപ്പ് തലവനുമായ ഡോ. കെ ജയപ്രസാദിനെതിരെയാണ്‌ പരാതി. കഴിഞ്ഞ 12ന്‌  ബോർഡ് ഓഫ് സ്‌റ്റഡീസ് യോഗം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.  എം എ പ്രവേശനത്തിലെ  നിയന്ത്രണങ്ങൾ മാറ്റണമെന്ന്  മുൻ വകുപ്പ് തലവൻ പ്രൊഫ. എം എസ് ജോൺ, അസി. പ്രൊഫസർമാരായ ഡോ. ഉമ പുരുഷോത്തമൻ, ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.  കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിദ്യാർഥികൾ ക്യാമ്പസിലെത്തിയാൽ  രാഷ്‌ട്രീയ പ്രവർത്തകരായി മാറുമെന്നാണ്‌   മുൻ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റുകൂടിയായ ജയപ്രസാദിന്റെ വാദം. ഇത്തരം നിലപാട്‌  വിദ്യാർഥികളുടെ ഗുണനിലവാരം കുറക്കുന്നതാണെന്ന്‌ മറ്റു മൂന്നുപേരും വാദിച്ചതോടെയാണ്‌ ജയപ്രസാദ് ഭീഷണിപ്പെടുത്തിയത്‌.   വകുപ്പിൽ വിഭാഗീയത സൃഷ്ടിച്ചാൽ  ‘ആക്ഷൻ നേരിട്ടായിരിക്കും.   ശാരീരിക ഏറ്റുമുട്ടലിനും താൻ ഒരുക്കമാണെന്നും പാണ്ടിലോറിക്കടിയിൽപെട്ടും ചാകാം’ എന്നും രോഷത്തോടെ പറഞ്ഞുവെന്ന്‌ അധ്യാപകർ വൈസ്‌ചാൻസലർക്ക്‌ നൽകിയ പരാതിയിൽ പറയുന്നു  നേരത്തെ ഇത്തരം പരാതി ഉയർന്നപ്പോഴാണ്‌ പുതിയ  വി സി ഡോ.വെങ്കിടേശ്വരലു   ജയപ്രസാദിനെ തിരുവനന്തപുരത്തേക്ക് മാറ്റിയത്‌. കേന്ദ്ര സർക്കാർ വഴി  മാറ്റം റദ്ദാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. കോടതിയിൽനിന്ന്‌ സ്‌റ്റേവാങ്ങിയിരിക്കുകയാണ്‌. പിവിസി സ്ഥാനം നിലനിർത്താനുള്ള ശ്രമവും നടന്നില്ല. Read on deshabhimani.com

Related News