മയിലാട്ടിയിൽ ജില്ലാ ജയിലുയരും



ഉദുമ എണ്ണം കൂടുമ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലേക്ക്‌ തടവുകാരെ അയക്കുന്ന അവസ്ഥയ്‌ക്ക്‌ പരിഹാരമാകുന്നു. ജില്ലാജയിലിന്‌ പൊയിനാച്ചിക്കടുത്ത്‌ മൈലാട്ടിയിൽ സ്ഥലം ഏറ്റെടുക്കും. ടെക്‌സ്‌റ്റൈൽ കോർപറേഷന്റെ ഉദുമ സ്‌പിന്നിങ്‌ മില്ലിന്‌ സമീപമുള്ള 16 ഏക്കറിൽനിന്നാണ്‌ ഭൂമി അളന്നെടുക്കുന്നത്‌. ഇതിനുള്ള സർവേ തുടങ്ങി.  ജില്ലയിലെ മൂന്നു ജയിലിലും അന്തേവാസികളുടെ എണ്ണം പരിധിയിൽ കൂടുതലാണ്‌.  ചീമേനിയിലെ തുറന്ന ജയിലിൽ റിമാൻഡുകാരെ പാർപ്പിക്കാനും പറ്റില്ല. ജയിലിന്‌ സ്ഥലം കണ്ടെത്താൻ പത്തുവർഷമായി അന്വേഷണം നടന്നു. പെരിയ പ്ലാന്റേഷൻ സ്ഥലം നോക്കിയെങ്കിലും നടന്നില്ല. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ എന്നിവരുടെ ഇടപെടലിലാണ്‌ ഇപ്പോൾ മയിലാട്ടിയിലെ സ്ഥലം പരിഗണിച്ചത്‌. സർവേ പൂർത്തിയായി ഭൂമി കൈമാറ്റം നടന്നാൽ, ജയിൽ നിർമാണത്തിനുള്ള നടപടി തുടങ്ങും. സർവേയ്‌ക്ക്‌ ഹൊസ്‌ദുർഗ്‌ ജില്ലാ ജയിൽ സൂപ്രണ്ട്‌ കെ വേണു, അസി. സൂപ്രണ്ട്‌ എസ്‌ ബാബു, കാസർകോട്‌ സബ്‌ജയിൽ സൂപ്രണ്ട്‌ എൻ ഗിരീഷ്‌ കുമാർ, ഡെപ്യൂട്ടി ജയിൽ ഓഫീസർ ടി വിനോദ്‌കുമാർ, അസി. ജയിൽ ഓഫീസർ വിജയൻ, ജില്ലാ ജയിൽ നോഡൽ ഓഫീസർ വി കെ ശശികുമാർ എന്നിവർ സർവേയ്‌ക്ക്‌ മേൽനോട്ടം വഹിച്ചു.   ഒരേക്കർ സ്ഥലം 
ജില്ലാ ആശുപത്രിക്ക്‌ കിട്ടും   നിലവിൽ ജില്ലാ ജയിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്കടുത്തെ ഒരേക്കർ സ്ഥലവും അഞ്ചുസെന്റുള്ള കിണറും ജില്ലാ ആശുപത്രിക്ക്‌ കിട്ടും. ജയിൽ മയിലാട്ടിയിലേക്ക്‌ മാറുമ്പോൾ സ്ഥലം കൈമാറ്റവും നടത്താനാണ്‌ ധാരണ. സൂപ്പർ സ്‌പെഷ്യാലിറ്റിയായി മാറുന്ന ജില്ലാ ആശുപത്രിക്ക്‌ സ്ഥലം കിട്ടുന്നത്‌ വലിയ ആശ്വാസമാകും. ആശുപത്രിയുടെ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമാകും. വേനലിലും വറ്റാത്ത കിണറാണ്‌ ഇവിടെയുള്ളത്‌.    Read on deshabhimani.com

Related News