വിദ്യാനഗറിൽ നീന്തൽക്കുളം റെഡിയാകുന്നു



കാസർകോട്‌ വിദ്യാനഗറിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള നീന്തൽകുളം ആറ്‌ മാസത്തിനകം തയ്യാറാകും. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്റെ കീഴിൽ കാസർകോട്‌ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാനഗർ സ്‌റ്റേഡിയത്തിനരികിലുള്ള സ്ഥലത്താണ് സെമി  ഒളിമ്പിക്ക്‌ നീന്തൽ കുളവും അക്ക്വാറ്റിക്ക്‌ അക്കാദമിയുടെയും നിർമാണം പുരോഗമിക്കുന്നത്‌.   ഹിന്ദുസ്ഥാൻ എയ്റോനോടിക്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌എഎൽ)കാസർകോട്‌ യൂണിറ്റ്‌  സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ അനുവദിച്ച ഒന്നര കോടി രൂപ ചെലവിട്ടാണ്‌ നിർമാണം. 25 മീറ്റർ നീളവും 12 മീറ്റർ വീതിയുള്ളതുമാണ്‌ ആറുവരി പിറ്റ്‌ലൈൻ.  73.40 ലക്ഷം രൂപ ചെലവിട്ടാണ്‌ നീന്തൽകുളം നിർമിക്കുന്നത്‌. പ്ലമ്പിങ്ങിനും വൈദ്യുതി പ്രവൃത്തികൾക്കുമായി 31.81 ലക്ഷം രൂപ ചെലവിടും.  അക്വാറ്റിക്‌ കോംപ്ലക്‌സിനായി കെട്ടിടവും നീന്താനെത്തുന്നവർക്കായി വസ്‌ത്രം മാറാനുള്ള മുറിയും നിർമിക്കും. വെള്ളം സംഭരിക്കാനും ശുദ്ധീകരിക്കാനുമായുള്ള ആധുനിക സംവിധാനവുമുണ്ട്‌.  നിവിൽ കാസർകോട്ട്‌ സ്വകാര്യ  സ്ഥാപനങ്ങളിലാണ്‌ നീന്തൽ കുളങ്ങളുള്ളത്‌. കുട്ടികൾക്കും മറ്റുള്ളവർക്കും നീന്തൽ പരിശീലനത്തിന്‌  ഇത്‌ പ്രയാസമുണ്ടാക്കുന്നു.  നഗരത്തിലും നാട്ടിൻപുറങ്ങളിലുമായി നിരവധി നീന്തൽ താരങ്ങളുണ്ട്‌. ഇവർക്ക്‌ അവസരം ലഭിച്ചാൽ മികച്ച താരങ്ങളെ ലഭിക്കും. ആധുനിക രീതിയിൽ പരിശീലനം ലഭിച്ചാൽ രാജ്യാന്തര മത്സരങ്ങളിലേക്ക്‌ മികച്ചവരെ ഉയർത്തി കൊണ്ടുവരാനാകുമെന്ന്‌ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ പി ഹബീബ്‌ റഹ്‌മാൻ പറഞ്ഞു. പുതിയ നീന്തൽ പ്രതിഭകളെ വളർത്തിയെടുക്കാൻ നഗരസഭ എല്ലാവിധ സഹകരണവും  നൽകുമെന്ന്‌ ചെയർമാൻ വി എം മുനീർ പറഞ്ഞു.     Read on deshabhimani.com

Related News