ആരോരുമറിയാതെ ഉദ്‌ഘാടനം; മന്ത്രിതന്നെ മാറ്റി

കാസർകോട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടോദ്‌ഘാടനം മാറ്റിവച്ച ശേഷം മന്ത്രി സജി ചെറിയാൻ കെട്ടിടങ്ങൾ 
പരിശോധിക്കുന്നു


കാസർകോട്‌ കിഫ്‌ബി ഫണ്ടിൽ  1.62 കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച സ്‌കൂൾ കെട്ടിടം ആരോരുമറിയാതെ ഉദ്‌ഘാടനം ചെയ്യാനുള്ള നഗരസഭയുടെയും ഉദ്യോഗസ്ഥരുടെയും നീക്കം മന്ത്രി ഇടപെട്ട്‌ മാറ്റിവച്ചു.  കാസർകോട്‌ മണ്ഡലം തീരസദസ്‌ പരിപാടിക്കായി ജില്ലയിലെത്തിയ മന്ത്രി സജി ചെറിയാനെ ഉദ്‌ഘാടകനാക്കി തട്ടിക്കൂട്ട്‌ നോട്ടീസ്‌ തയ്യാറാക്കി പരിപാടിക്ക്‌ നഗരസഭയും ഉദ്യോഗസ്ഥരും ഒരുക്കം നടത്തി.  വഴിപോലും ഒരുക്കുന്നതിനുമുമ്പ്‌  രക്ഷിതാക്കളെയൊ നാട്ടുകാരെയൊ അറിയിക്കാതെ പുതിയ കെട്ടിടം  ഉദ്‌ഘാടനം ചെയ്യാനുള്ള ശ്രമമാണ്‌  മന്ത്രി ബുധനാഴ്‌ച രാത്രിതന്നെ ഉദ്യോഗസ്ഥരെ വിളിച്ച്‌ മാറ്റിവയ്‌പ്പിച്ചത്‌.  തീരദേശ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്‌കൂളുകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സൗകര്യങ്ങളോടെ രണ്ട്‌ അക്കാദമിക്‌ ബ്ലോക്കാണ്‌ നിർമിച്ചത്‌.  വ്യാഴാഴ്‌ച രാവിലെ സ്‌കൂൾ സന്ദർശിച്ച മന്ത്രി വഴിയില്ലാത്തതും മറ്റ്‌ കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും മനസ്സിലാക്കി. പുതിയ കെട്ടിടത്തിന്‌ മുന്നിലുള്ള പൊളിഞ്ഞുവീഴാറായ കെട്ടിടം സ്‌കൂൾ തുറക്കുംമുമ്പ്‌ പൊളിച്ചുമാറ്റാൻ നഗരസഭാ എൻജിനിയറോട്‌ ആവശ്യപ്പെട്ടു. പുതിയ കെട്ടിടത്തിലേക്ക്‌ വഴിയൊരുക്കുകയും മുന്നിലെ അൺഫിറ്റായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്‌താലുടൻ നേരിട്ടെത്തി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടത്താമെന്നും മന്ത്രി അറിയിച്ചു.    Read on deshabhimani.com

Related News