ഓരോ ഫയലിലും 
ഓരോ ജീവിതമുണ്ട്



തൃക്കരിപ്പൂർ ‘ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്’ അധികാരമേറ്റ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഉദ്യോഗസ്ഥരോടായി പറഞ്ഞ വാക്കാണിത്. ആ സന്ദേശത്തിന്റെ മൂല്യം ഓർമിപ്പിക്കുന്ന അപൂർവ സംഗമത്തിനാണ് കഴിഞ്ഞ ദിവസം  തൃക്കരിപ്പൂർ സാക്ഷ്യം വഹിച്ചത്.   പരീക്ഷാഭവൻ ഡെപ്യൂട്ടി കമീഷണറായി വിരമിച്ച സി രാഘവന്റെ തൃക്കരിപ്പൂരിലെ വീട്ടിൽ  ഉദ്യോഗാർഥിയായ സായി രശ്മി എത്തിയത്  തന്റെ ജീവിതം മാറ്റി മറിച്ച ഉദ്യോഗസ്ഥനെ കണ്ടു നന്ദി പറയാനായിരുന്നു.   2017ൽ കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതാണ് അഴീക്കോട് സ്വദേശിയായ സായി രശ്മിക്ക് ജീവിത വഴിയിൽ വിളക്കും വെളിച്ചവുമായത്. കോട്ടിക്കുളം ഗവ. ഫിഷറീസ് യുപി സ്‌കൂളിൽ പാർടൈം അധ്യാപികയാണിപ്പോൾ രശ്മി. 2017 ലെ യുപി സ്കൂൾ അധ്യാപക  പരിക്ഷയുടെ അവസാന തീയതി സെപ്തംബർ 19 ആയിരുന്നു. ഒന്നര മാസം മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം പുറത്തു വന്നാലേ പിഎസ്‌സിക്ക്‌ അപേക്ഷിക്കാനാകൂ.  19ന് പകൽ മൂന്നുവരെ പരീക്ഷാ ഫലം വന്നില്ല. സായി പലവട്ടം പലരെയും വിളിച്ചു. ഒടുവിലത്തെ അവസരമായിരുന്നു. അത് നഷ്ടപ്പെട്ടാൽ സർക്കാർ ജോലി സ്വപ്നംപോലും കാണാൻ കഴിയില്ല.  തൃക്കരിപ്പൂർ സ്വദേശിയായ പരീക്ഷാഭവൻ ജോയന്റ്‌  കമീഷണർ സി രാഘവൻ ഇടപെട്ടു പരീക്ഷാ ഫലം നിശ്ചിത ദിവസം തന്നെ പ്രസിദ്ധപ്പെടുത്തി. ആ ദിവസം ഫലം വന്നത്‌  സായിക്ക് തുണയായി.   ഇപ്പോൾ ആ പിഎസ്‌സി ജോലി കിട്ടിയ സന്തോഷമാണ്‌,  വിരമിച്ച്‌  അഞ്ചുവർഷമായി നാട്ടിൽകഴിയുന്ന രാഘവനെ  തേടിയെത്താൻ  സായിയെ പ്രേരിപ്പിച്ചത്‌.  രാഘവന്റെ ജോലിയിലെ ശുഷ്‌കാന്തിയിലും ആത്മാർഥതയിലും ഫലം കിട്ടിയവർ പാലക്കാട്‌ നിന്നും കൊട്ടാരക്കരയിൽ നിന്നും മുമ്പും രാഘവനെ തേടി ഇതുപോലെ എത്തിയിരുന്നു.     Read on deshabhimani.com

Related News