ഇൻസ്റ്റഗ്രം ചങ്ങാതി തട്ടിയത്‌ 
7 ലക്ഷം: ഒടുവിൽ പിടിവീണു



കാസർകോട്‌ ഇൻസ്‌റ്റഗ്രാമിൽ സുഹൃത്തായ യുവതിയെ പറ്റിച്ച്‌ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്ക്(19)ആണ് അറസ്റ്റിലായത്.  കഴിഞ്ഞ സെപ്തംബറിലാണ് ഷാരിക്ക്‌, മധൂർ സ്വദേശിയായ യുവതിയെ പ്ലസ്‌ടുവിൽ ഒപ്പം പഠിച്ചതാണെന്ന്‌ പറഞ്ഞ്‌ ഇൻസ്റ്റഗ്രാമിൽ കമ്പനി കൂടിയത്‌. യുവതിക്കും ഭർത്താവിനും ആശംസകൾ അറിയിച്ച യുവാവ്  വിലപിടിപ്പുള്ള സമ്മാനം വാഗ്ദാനം ചെയ്തു. ഇൻസ്റ്റാഗ്രാമിനു പിന്നാലെ  വാട്സാപ്പ്‌ ചാറ്റിങും സജീവമായി. സമ്മാനം അന്വേഷിച്ച യുവതിയോട്, തന്റെ കൈവശമുള്ള പണം ഉപയോഗിക്കുന്നതിൽ ചില പ്രശ്നമുണ്ടെന്നും കുറച്ച് പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് 50000 രൂപ വീതം രണ്ടുതവണ അയച്ചുകൊടുത്തു. സമ്മാനത്തിന്റെ വലിപ്പം ബോധ്യപ്പെടുത്തി പിന്നാലെ രണ്ടര ലക്ഷം രൂപവീതം രണ്ട്‌ തവണ അയച്ചു. സെപ്തംബർ ഒന്നുമുതൽ ഒക്ടോബർ 11 വരെയായി 7,00,500 രൂപയാണ് ഇങ്ങനെ തട്ടിയത്‌.  സമ്മാനം വരാത്തതിനെ തുടർന്ന് യുവതിക്ക് സംശയമായി. ഒക്ടോബർ 25ന് സൈബർ സെല്ലിൽ പരാതി നൽകി. ജില്ലാ പൊലീസ് ചീഫ്‌ ഡോ. വൈഭവ് സക്സേന നിർദേശിച്ചതനുസരിച്ച് ഉത്തർപ്രദേശിലെ ബറേലി, സിങ്ഹായി മുറാവനിലേക്ക് അന്വേഷണ സംഘത്തെ അയച്ചു. അവിടെനിന്നാണ് ഷാരിക്കിനെ അറസ്റ്റുചെയ്യുന്നത്.   സൈബർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ  കെ പ്രേംസദൻ, എഎസ്‌ഐ എ വി പ്രേമരാജൻ, സിവിൽ പൊലീസ്‌ ഓഫീസർമാരായ പി വി സവാദ് അഷറഫ്, കെ വി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.   Read on deshabhimani.com

Related News