കാസർകോട്‌ –കാഞ്ഞങ്ങാട്‌ സംസ്ഥാന 
 പാത വികസനത്തിന്‌ 20.27 കോടി



ഉദുമ കാസർകോട്‌ കാഞ്ഞങ്ങാട്‌  സംസ്ഥാന പാത വികസിപ്പിക്കാൻ 20.27 കോടി രൂപ അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ഒപിബിആർസി പദ്ധതിയിൽ റോഡ്  ഏഴുവർഷം കുഴികളില്ലാതെ കരാറുകാരൻ പരിപാലിക്കണം.  അത്യാവശ്യമുള്ള സ്ഥലത്ത് ഉപരിതലം പുതുക്കലടക്കം റോഡിന്‌ ആവശ്യമുള്ള എല്ലാ പ്രവൃത്തികളും കരാറുകാരൻ ചെയ്യണം. പൊതുമരാമത്ത് വകുപ്പ് പ്രധാന പിഡബ്ല്യുഡി റോഡുകൾ അറ്റകുറ്റപണി ചെയ്യാനായി കൊണ്ടുവന്ന  ഒട്ട്പുട്ട് ആൻഡ്‌ പെർഫോമൻസ് ബേയ്‌സ്ഡ് റോഡ് കോൺട്രാക്ട് (ഒപിബിആർസി) പദ്ധതി പ്രകാരം കെഎസ്ടിപി-യുടെ കോർ റോഡ് നെറ്റ് വർക്ക് അഞ്ചാം പാക്കേജിൽ കാസർകോട്‌ കാഞ്ഞങ്ങാട്  സംസ്ഥാന പാതയെ ഉൾപ്പെടുത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. കണ്ണൂരിലെ പിലാത്തറ  പാപ്പിനശേരി, കളറോഡ്- വളവുപാറ റോഡുകളും പ്രവൃത്തിയിലുണ്ട്‌. മൊത്തം 52.89 കോടി രൂപയുടെ പദ്ധതിയായാണ് ടെൻഡർ ചെയ്യുന്നത്. കെഎസ്ടിപി-യുടെ രണ്ടാംഘട്ട പദ്ധതിയിൽ ലോകബാങ്ക് സഹായത്തോടെ 2018- ലാണ് കാസർകോട്‌ -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ പ്രവൃത്തി പൂർത്തിയാക്കിയത്. കാസർകോട്‌ പഴയ പ്രസ്‌ക്ലബ്‌ ജംങ്‌ഷനിൽ നിന്നാരംഭിച്ച്‌ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത ജംങ്‌ഷൻ വരെ 27 കി. മീ നീളത്തിൽ മെക്കാഡം റോഡിന്റെ നിർമാണവും അനുബന്ധ നിർമിതികളുമാണ്‌ 132 കോടി രൂപ ചെലവിൽ കെഎസ്ടിപി പൂർത്തീകരിച്ചത്. കാഞ്ഞങ്ങാട് ടൗണിലും ടൂറിസ്‌റ്റ്‌ കേന്ദ്രമായ ബേക്കലിലും സെൻട്രൽ മീഡയനിലും നാലുവരി പാതയും  മറ്റിടങ്ങളിൽ രണ്ടുവരി പാതയുമാണ് നിർമിച്ചത്‌. ചളിയംകോട് വയഡക്ട്, ചിത്താരി പുഴക്ക് കുറുകെ പുതിയ പാലം, ചന്ദ്രഗിരി, ബേക്കൽ പാലങ്ങളുടെ ബലപ്പെടുത്തൽ പ്രവൃത്തികളും നടന്നു.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരാറുണ്ടാക്കിയ പ്രവൃത്തിക്ക് ഒരുകൊല്ലം മാത്രമാണ് പരിപാലന സമയം നിജപ്പെടുത്തിയത്. ഒരുവർഷത്തിന്‌ ശേഷം തുടർപ്രവൃത്തി ചെയ്യാത്തതിനാൽ റോഡിൽ കുഴികൾ രൂപപ്പെട്ടു. കാസർകോട്‌ - കാഞ്ഞങ്ങാട് യാത്ര 10 കിലോ മീറ്ററോളം കുറഞ്ഞതും തീരദേശ മേഖലയിലെ ജനസാന്ദ്രതയും ബേക്കൽ ടൂറിസ്‌റ്റ്‌ കേന്ദ്രവും ഈ റോഡിൽ ഗതാഗത തിരക്കേറ്റിയിരിക്കുകയാണ്‌.   Read on deshabhimani.com

Related News