അലി ഒടുവിൽ വീട്ടിലെത്തി



കാസർകോട്‌ ചെങ്കള പാണലത്ത്‌ ദേശീയപാതയ്‌ക്കരികിലെ കെട്ടിടത്തിൽ കക്കൂസ്‌ മുറിയിൽ അന്തിയുറങ്ങിയ മുഹമ്മദ്‌ അലിയെ തേടി ഒടുവിൽ ബന്ധുക്കളെത്തി. കാഴ്‌ച നന്നേ കുറവുള്ള ഇയാളുടെ ദയനീയാവസ്ഥ "ദേശാഭിമാനി'യാണ്‌ പുറംലോകത്തെ അറിയിച്ചത്‌.  കാസർകോട്‌ ആർഡിഒ അതുൽ എസ്‌ നാഥിന്റെ നിർദേശത്തിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ ഷീബ മുംതാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലൈ 26ന്‌ മഞ്ചേശ്വരത്തെ സ്‌നേഹാലയ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്ററിലേക്ക്‌ മാറ്റിയിരുന്നു. ബന്ധുക്കളെ തിരിച്ചറിഞ്ഞ്‌ ഒപ്പംപോകാൻ തയ്യാറായാൽ കൂടെ വിടണമെന്ന നിർദേശപ്രകാരമാണ്‌ സ്‌നേഹാലയത്തിൽ പ്രവേശിപ്പിച്ചത്‌. ആർഡിഒ ഓഫീസിലെ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ വി ജിജിൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ബന്ധുക്കളെ കണ്ടെത്തിയത്‌. ഇവരുമായി പലതവണ സംസാരിച്ച ശേഷമാണ്‌ സ്‌നേഹാലയത്തിലെത്തി അലിയെ കൊണ്ടുപോകാമെന്ന്‌ സമ്മതിച്ചത്‌. എന്നാൽ ഒപ്പംപോകാൻ അലി കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം കാസർകോട്‌ നെല്ലിക്കുന്ന്‌ കടപ്പുറത്തെ സഹോദരൻ മെഹ്‌മൂദ്‌  സംസാരിച്ചപ്പോൾ ഇദ്ദേഹത്തിനൊപ്പം പോകാൻ മുഹമ്മദ്‌ അലി തയ്യാറായി. തുടർന്ന്‌ സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ മഞ്ചേശ്വരം സ്‌നേഹാലയം അധികൃതർ രേഖകൾ തയ്യാറാക്കി മെഹ്‌മൂദിനൊപ്പം വിട്ടു. നിലവിൽ സഹോദരി കടപ്പുറത്തെ റുഖിയക്കൊപ്പമാണ്‌ അലിയുള്ളത്‌.  നായന്മാർമൂല പാണലത്ത്‌ ദേശീയപാതയോരത്തെ ഓടിട്ട കെട്ടിടത്തിൽ 13 വർഷത്തിലേറെയായി താമസിച്ച്‌  ഇലക്ട്രിക്‌, പ്ലമ്പിങ്‌ ജോലിചെയ്‌തുവരവെ അഞ്ചുവർഷം മുമ്പാണ്‌ അലിയുടെ കാഴ്‌ചക്ക്‌ മങ്ങലേറ്റത്‌. കെട്ടിടം ദേശീയപാതയ്‌ക്കായി ഉടമ വിട്ടുകൊടുത്തതോടെ അന്തിയുറങ്ങാനും പ്രയാസമായി. ഒടുവിൽ കെട്ടിടത്തിന്റെ കക്കൂസ്‌ മുറിയിൽ അഭയംപ്രാപിച്ചത്‌ ദേശാഭിമാനി വാർത്തയാക്കി.      Read on deshabhimani.com

Related News