അത്തിയടുക്കത്തിന്‌ 
ഒടുവിൽ പട്ടയമായി

കാൽ നൂറ്റാണ്ടിനുശേഷം പട്ടയ ഭൂമിക്ക്‌ ലഭിച്ച നികുതി രശീതുമായി അത്തിയടുക്കത്തെ പലേരി ജാനകി


  വെള്ളരിക്കുണ്ട്  മലയോരത്തെ കാൽ നൂറ്റാണ്ടുനീണ്ട പട്ടയപ്രശ്‌നത്തിന്‌ പരിഹാരമാകുന്നു. അത്തിയടുക്കത്തെ ഭൂമിക്ക് നികുതി സ്വീകരിച്ചു തുടങ്ങി.  വർഷങ്ങൾ നീണ്ട സമരത്തിനും നിയമ പോരാട്ടങ്ങൾക്കും സർക്കാർ ഇടപെടലുകൾക്കും ശേഷമാണ് അത്തിയടുക്കത്തുകാർക്ക് നീതി ലഭിച്ചത്. വിലകൊടുത്തു വാങ്ങിയ പട്ടയഭൂമിക്കാണ്‌  നികുതി സ്വീകരിക്കുന്നത്. ആദ്യ പടിയായി 27 കൈവശക്കാരുടെ നികുതിയാണ്‌ വാങ്ങിയത്‌.  മരിച്ചവരുടെയും  കോടതിയെ സമീപിക്കാത്ത ഏഴ് ആദിവാസി കുടുംബങ്ങളുടെയും കാര്യം തീരുമാനം ആകാനുണ്ട്. വനംവകുപ്പ് തടസപ്പെടുത്തിയതോടെയാണ് ഏഴ് ആദിവാസി കുടുംബങ്ങളടക്കം 39 കുടുംബങ്ങൾ ദുരിതത്തിലായത് .വെള്ളരിക്കുണ്ട് താലൂക്കിൽ മാലോം വില്ലേജിലെ അത്തിയടുക്കത്തെ കുടുംബങ്ങളാണ് പട്ടയഭൂമിയിൽ അവകാശമില്ലാതെ ബുദ്ധിമുട്ടിലായിരുന്നത്.  കരിമ്പിൽ കുഞ്ഞിക്കോമൻ എന്ന ജന്മിയുടെ 20ഹെക്ടർ ഭൂമിയിൽ താമസിക്കുന്നവരാണ് ഇവർ. 1958 മുതൽ ഇവിടെ താമസിക്കുകയും കൃഷിചെയ്യുകയും ജന്മി രസീത് നൽകുകയും ചെയ്ത ഭൂമിക്ക് 1974–--7 6കാലത്ത് നീലേശ്വരം ലാൻഡ് ട്രിബ്യൂണലിൽ നിന്നും പട്ടയവും അനുവദിച്ചിരുന്നു. ജന്മിയുടെ കുടിയാന്മാർക്കും വിലക്ക് വാങ്ങിയവർക്കും  ഉൾപ്പടെ 39 പേരിൽ മൂന്ന് സെന്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയാണുള്ളത്‌.  2006ലാണ്‌ ഈ കുടുംബങ്ങളെ വഴിയാധാരമാക്കി വനംവകുപ്പ് ഉത്തരവ് വന്നത്. അത് വരെ കരം അടച്ച് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്ന സ്ഥലത്തിന്റെ നികുതി ഇനി മേൽ സ്വീകരിക്കരുത് എന്ന് വനംവകുപ്പ്  ഒലവക്കോട് ചീഫ് കൺസർവേറ്റർ ഉത്തരവിട്ടു.  അന്വേഷിച്ച കർഷകരോട് ഇത് പരിസ്ഥിതി ദുർബല പ്രദേശം ആണെന്ന വിവരമാണ്  ആദ്യം പറഞ്ഞത്. പിന്നീടാണ്‌ തങ്ങളുടെ ഭൂമി തങ്ങളറിയാതെ വനഭൂമിയാക്കി കോടതി വിധി വന്നതായി അറിയുന്നത്.  കരിമ്പിൽ കുഞ്ഞിക്കോമൻ എന്ന ജന്മി പലർക്കായി കൈമാറിയ 20 ഹെക്ടർ കഴിച്ചുള്ള 35 ഹെക്ടർ സ്ഥലം1971ൽ സർക്കാർ വനഭൂമിയായി ഏറ്റെടുത്തിരുന്നു. ഇതേത്തുടർന്ന് ജന്മി കോടതിയിൽ പോയി. കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ ജന്മിക്ക് അനുകൂലമായി വിധിച്ചു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ പോയി. ഈ സമയം ജന്മി താൻ പലപ്പോഴായി കൈമാറിയ 20 ഹെക്ടർ അടക്കം 55 ഹെക്ടർ ഭൂമിയിലും അവകാശവാദം ഉന്നയിച്ചു.  ജന്മിയുടെ അവകാശവാദം തള്ളിയ കോടതി 55 ഹെക്ടർ ഭൂമിയും വനഭൂമിയായി വിധിച്ചു. ഇത് സ്ഥലം വാങ്ങിയവർ അറിഞ്ഞില്ല. വനംവകുപ്പാകട്ടെ,  നിലവിലെ പട്ടയഭൂമിയുടെ കര്യം കോടതിയെ അറിയിച്ചുമില്ല. ഇതാണ്‌ പ്രശ്‌നമായത്‌.  2006 മുതൽ ഇവിടത്തുകാർ പട്ടയത്തിനായി അലയുന്നുണ്ട്‌.    കുടിയിറങ്ങാനും നോട്ടീസ്‌ കിട്ടി 2012ൽ വനംവകുപ്പ് കുടിയിറക്ക് നോട്ടീസ് നൽകി.  അന്നത്തെ എംപി പി കരുണാകരൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ എന്നിവർ പ്രശ്നത്തിൽ ഇടപ്പെട്ടു.എംപി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും വനംമന്ത്രിയേയും കണ്ടു.  കോടതിയിൽ നിന്നും സ്റ്റേ വാങ്ങാനാണ്‌ സർക്കാർ നിർദേശിച്ചത്‌. ഒരു വർഷത്തിനകം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പും പാഴ്‌വാക്കായി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് പ്രശ്ന പരിഹാരത്തിന് തുടക്കമാകുന്നത്.  സർക്കാർ ഇടപെടലിന്റെ ഭാഗമായി ഹൈക്കോടതി ഗവ. സ്പെഷ്യൽ പ്ലീഡർ അഡ്വ. നാഗരാജ് നാരായണൻ സ്ഥലം  സന്ദർശിച്ച് റിപ്പോർട്ട് നൽകി. സർക്കാർ അപ്പീൽ പോകേണ്ടതില്ല എന്ന നിയമോപദേശവും നൽകി.      Read on deshabhimani.com

Related News