കുടുംബശ്രീയുടെ സ്‌നേഹവീട്ടിൽ നിറയെ സന്തോഷം



ബേഡകം ബേഡകം കാരക്കുന്നിലെ  കെ  പുരുഷോത്തമനും കുടുംബത്തിനും കുടുംബശ്രീ സിഡിഎസിന്റെ സ്‌നേഹവീട് ബുധനാഴ്ച കൈമാറും. സി എച്ച് കുഞ്ഞമ്പു എംഎൽഎ താക്കോൽ നൽകും.  ബേഡകം കാഞ്ഞിരത്തിങ്കാലിലെ തട്ടുകടയിൽ ജോലി ചെയ്യുന്ന പുരുഷോത്തമനും ഭാര്യ അമ്പിളിയും പെൺമക്കളായ അവന്തികയും ശ്രീപാർവതിയും  വാടക വീട്ടിലാണ് താമസം. കുടുംബത്തിൽ നിന്ന്‌ ലഭിച്ച പത്ത് സെന്റ്‌ സ്ഥലത്ത്  വീട് നിർമ്മിക്കാൻ  ഒരുപാട് ശ്രമിച്ചെങ്കിലും  സാധിച്ചില്ല. സ്വന്തം പേരിൽ സ്ഥലമോ റേഷൻ കാർഡോ ഇല്ലാത്തതിനാൽ സർക്കാരിന്റെ ലൈഫ് പദ്ധതിയിലും സഹായം ലഭിച്ചില്ല. കുട്ടികൾക്ക്‌ സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ചികിത്സയ്ക്ക് നല്ല ചെലവ്‌ വരും. തട്ടുകടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയില്ല. വീട് നിർമിക്കാൻ ബേഡഡുക്ക കുടുംബശ്രീ സിഡിഎസിന് പഞ്ചായത്ത് ഭരണസമിതി നല്ല  പിന്തുണ നൽകി. കുടുംബശ്രീ അയൽകൂട്ടങ്ങൾ, ബേഡഡുക്ക ഫാർമേഴ്സ് ബേങ്ക്, യൂത്ത് കോർഡിനേഷൻ കമ്മറ്റി, വിന്നേഴ്സ് ബേഡഡുക്ക, തോരോത്ത് എൻജോയ് ഫ്രണ്ട്സ് വായനശാല, പുരുഷോത്തമന്റെ സഹപാഠികൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരെല്ലാം സഹായവുമായി എത്തിയപ്പോൾ വീട് യാഥാർഥ്യമായി. കെ ഓമന രവീന്ദ്രൻ,  മധു തോരോത്ത് എന്നിവരാണ് വീട് നിർമാണ കമ്മറ്റി ഭാരവാഹികൾ. Read on deshabhimani.com

Related News