നായയല്ല; ഇവന്മാർ പുലിയാണ്‌; പുപ്പുുലി

കുതിപ്പ് തുടരാൻ... ജില്ലാ ഡോഗ്‌ സ്‌ക്വാഡ്‌ ആസ്ഥാനത്ത്‌ പൊലീസ് നായകൾക്ക് പരിശീലനം നൽകുന്നു.


കാസർകോട്‌ നീലേശ്വരത്ത്‌ കാണാതായ യുവാവിന്റെ മൃതദേഹം ടൈസൺ എന്ന പൊലീസ്‌ നായ മണത്ത്‌ കണ്ടുപിടിച്ചത്‌, ജില്ലാ ഡോഗ്‌ സ്‌ക്വാഡിന്‌ അഭിമാന മുഹൂർത്തമായി. നീലേശ്വരം മന്ദൻപുറത്തെ പി ഷിബുവിന്റെ മൃതദേഹമാണ്‌ വീടിന്‌ അരക്കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ നിന്ന്‌  ടൈസൺ കണ്ടുപിടിച്ചത്‌.  കേസ്‌ അന്വേഷണത്തിൽ ജില്ലാ പൊലീസിന്റെ മികവിന്‌ പൊൻതൂവൽ ചാർത്തുകയാണ്‌ ആറംഗ നായസേന. ഇവരെ പരിചരിക്കാൻ 12 പൊലീസ്‌ പരിശീലകരും സജീവം. സ്‌ഫോടകവസ്‌തുക്കൾ മണത്തുപിടിക്കാൻ ഏറെ കഴിവുള്ള ബഡ്ഡി, ചാർലി, കാമി എന്നിവർ ലാബ്രഡോർ വിഭാഗത്തിൽ പെട്ടവരാണ്‌. തിരഞ്ഞുപിടിക്കാൻ വിദഗ്‌ദരാണ്‌ ബെൽജിയം മെലനോയിസ്‌ വിഭാഗത്തിലെ ടൈസൻ. ഇവനാണ്‌ നീലേശ്വരത്തെ പ്രകടനത്തിൽ കൈയടി നേടിയത്‌.  ജർമൻ ഷെപ്പേഡ്‌ റൂണിയും തിരയാൻ മിടുക്കൻ. മയക്കുമരുന്ന്‌ പിടിക്കാൻ ലാബ്രഡോർ വിഭാഗത്തിലെ ക്രിസ്‌റ്റീനയും റെഡി. നാല്‌ പെണ്ണുങ്ങളും രണ്ട്‌ ആണുങ്ങളുമടക്കമുള്ള ഈ സേന, സംസ്ഥാന തലത്തിലെ പൊലീസ്‌ നായ അഭ്യാസപ്രകടനത്തിൽ രണ്ടാം സ്ഥാനവും നേടിയവരാണ്‌. 2019ൽ യുപിയിൽ നടന്ന ദേശീയ പൊലീസ്‌ മീറ്റിൽ ബഡ്ഡി സ്വർണമെഡൽ നേടി. റൂണി ഏഴാം സ്ഥാനവും നേടി. 1990ലാണ്‌ ജില്ലാ ഡോഗ്‌സ്‌ക്വാഡ്‌ നിലവിൽ വന്നത്‌. വിദ്യാനഗർ പാറക്കട്ടയിൽ ജില്ലാ പൊലീസ്‌ ആസ്ഥാനത്തിന്‌ എതിർവശം എആർ ക്യാമ്പിനടുത്താണ്‌ ആസ്ഥാനം. പൊലീസുകാരായ എസ്‌ രഞ്ജിത്ത്‌, ആർ പ്രജേഷ്‌, കെ കെ അജേഷ്‌, പി മനു, യു സുജിത്ത്‌, പി വി വിനീത്‌, ടിനോ തോമസ്‌, പി അനീഷ്‌, ഷജിൽ കുമാർ, പി രൺജിമോൻ, പി രജിത്ത്‌, പി ശ്രീജിത്ത്‌ കുമാർ എന്നിവരാണ്‌ പരിശീലകർ. ക്യാമ്പ്‌ സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ സന്ദർശിച്ചു. Read on deshabhimani.com

Related News