സ്ത്രീ സുരക്ഷക്ക്‌ പിങ്ക് പൊലീസ്‌ വീട്ടിലെത്തും



കാസർകോട്‌ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പിങ്ക് പൊലീസ്‌ പ്രൊട്ടക്ഷൻ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതി, സൈബർ അതിക്രമം, പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അവഹേളനം എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പൊലീസ്‌ പ്രൊട്ടക്ഷൻ പ്രവർത്തനം.  നിലവിലുള്ള പിങ്ക് പൊലീസ്‌ പട്രോൾ സംവിധാനം കൂടുതൽ സജീവമാക്കും. ഗാർഹിക, സ്ത്രീധന പീഡനം, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നിവ തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പിങ്ക് ജനമൈത്രി ബീറ്റ് പദ്ധതിയുടെ ഭാഗമാണ്. ഇതിനായി പ്രത്യേക പരിശീലനം നൽകും.  ആറ് വനിതാ പോലീസുകാർ പരിശീലനത്തിൽ പങ്കെടുക്കും. ബസ്‌, ബസ് കാത്തിരിപ്പ് കേന്ദ്രം, സ്‌കൂൾ, കോളേജ്, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പിങ്ക് പൊലീസ്‌ സേവനമുണ്ടാകും. ജനത്തിരക്ക് കൂടിയ സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സാമൂഹ്യ വിരുദ്ധരുടെ ശല്യം ഇല്ലാതാക്കാനും പിങ്ക് ഷാഡോ സംഘത്തെ നിയോഗിക്കും. സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗിച്ച് വനിതാ സെല്ലുകളിൽ നിലവിലുള്ള കൗൺസിലിങ് സംവിധാനം ശക്തിപ്പെടുത്തും.  പുതുതായി അനുവദിച്ച പിങ്ക് ബൈക്ക് പട്രോൾ സംസ്ഥാന പൊലീസ്‌ മേധാവി വൈ അനിൽകാന്ത് ഫ്ളാഗ് ഓഫ് ചെയ്തു.  ഉത്തരമേഖലാ ഐജി അശോക് യാദവ്, കണ്ണൂർ റേഞ്ച് ഡിഐജി കെ സേതുരാമൻ, ജില്ലാ പൊലീസ്‌ മേധാവി പി ബി രാജീവ്, പിങ്ക് ജനമൈത്രി ബീറ്റ് പദ്ധതി നോഡൽ ഓഫീസർ ഡിവൈഎസ്‌പി  എ സതീഷ്‌കുമാർ, വനിതാ സെൽ ഇൻസ്‌പെക്ടർ  സി ഭാനുമതി  എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News