ജനകീയ താക്കീതുമായി എൽഡിഎഫ്‌ ബഹുജന റാലി

എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോൺഗ്രസും ബിജെപിയും നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തിൽ സംഘടിപ്പിച്ച ബഹുജന റാലി


കാഞ്ഞങ്ങാട്‌ കൂടുതൽ ജനകീയ അംഗീകാരത്തോടെ അധികാരത്തിലേറിയ എൽഡിഎഫ്‌ സർക്കാരിനെ അപഹസിക്കാൻ അക്രമ സമരവുമായി രംഗത്തെത്തിയ യുഡിഎഫ്‌–- ബിജെപി പിന്തിരിപ്പൻ ശക്തികൾക്കെതിരെ വൻ ജനകീയ മുന്നേറ്റം. കാഞ്ഞങ്ങാട്‌ നഗരത്തിൽ സമീപ കാലത്തെങ്ങുമില്ലാത്ത ബഹുജനറാലിയാണ്‌ വ്യാഴം വൈകിട്ട്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടന്നത്‌. എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫ്‌, ബിജെപി, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്‌ നടത്തുന്ന അക്രമസമരം ചെറുക്കുമെന്ന്‌ റാലി പ്രഖ്യാപിച്ചു.  എൽഡിഎഫ്‌ വിരുദ്ധ ഗൂഡാലോചനയുടെ അണിയറക്കഥകൾ പൊതുയോഗത്തിൽ സംസാരിച്ച എൽഡിഎഫ്‌ നേതാക്കൾ  തുറന്നുകാട്ടി. വെറും നാലുദിവസത്തെ ഒരുക്കം മാത്രമാണ്‌ റാലിക്ക്‌ മുന്നോടിയായി എൽഡിഎഫ്‌ നടത്തിയത്‌. എന്നിട്ടും സ്‌ത്രീകളടക്കം ആയിരങ്ങളാണ്‌ ജനകീയ സർക്കാരിന്‌ പിന്തുണയുമായി റാലിയിൽ അണിനിരന്നത്‌. നഗരസഭാ ടൗൺ ഹാൾ പരിസരത്തുനിന്നാരംഭിച്ച  റാലി പുതിയകോട്ട ചുറ്റി പൊതുസമ്മേളനം നടന്ന നോർത്ത്‌ കോട്ടച്ചേരിയിൽ പ്രത്യേകം സജ്ജമാക്കിയ  പന്തലിൽ സമാപിച്ചു. ഇവിടെ  പൊതുയോഗം തുടരുമ്പോഴും റാലി  വന്നുകൊണ്ടിരുന്നു.  മുൻമന്ത്രിയും  സിപി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ  ഇ ചന്ദ്രശേഖരൻ എംഎൽഎ പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്,  ജോസ് ടോം (കേരളാ കോൺ. എം),  എം പി മുരളീധരൻ (എൻസിപി), ജേക്കബ്‌ ഉമ്മൻ (ജനതാദൾ സെക്കുലർ), കാസിം ഇരിക്കൂർ (ഐഎൻഎൽ), ഇ പി ദാമോധരൻ (എൽജെഡി), ഇ പി ആർ വേശാല (കോൺഗ്രസ്‌ എസ്), എ ജെ ജോസഫ് (ജനാധിപത്യ കേരളാ കോൺഗ്രസ്) ഷാജി ജോസഫ് (കേരള കോൺഗ്രസ് - സ്‌കറിയ),  സുരേഷ് പുതിയേടത്ത്  (കേരളാ കോൺ. ബി), പി കെ രമേശൻ (ആർഎസ്‌പി എൽ) എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, എം രാജഗോപാലൻ എംഎൽഎ എന്നിവരും സംബന്ധിച്ചു. Read on deshabhimani.com

Related News