ഏവർക്കും പ്രിയപ്പെട്ട സി



കാസർകോട്‌  ഇടതുപക്ഷത്തിനൊപ്പം നിൽക്കുമ്പോഴും അല്ലാത്തപ്പോഴും തികഞ്ഞ മതേരതര വാദിയും നിസ്വാർഥ ജനസേവകനുമായിരുന്നു സി എന്നറിയപ്പെടുന്ന സി അഹമ്മദ്‌കുഞ്ഞി. മഞ്ചേശ്വരം പഞ്ചായത്ത്‌ പ്രസിഡന്റും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായി പ്രവർത്തിച്ചു. ലളിത ജീവിതം മുഖമുദ്രയാക്കിയ അദ്ദേഹം മുസ്ലീം ലീഗ്‌ നേതൃത്വവുമായി തെറ്റിയാണ്‌ സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയത്‌. 2004 ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ച പി കരുണാകരൻ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ  മികച്ച കുതിപ്പുണ്ടാക്കിയപ്പോൾ അതിന്‌ പിന്നിൽ സിയുടെ പിൻബലം ശക്തമായിരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  ലീഗ് നേതാവ്‌ ചെർക്കളം അബ്ദുല്ലയെ തോൽപ്പിച്ച്‌ സി എച്ച്‌ കുഞ്ഞമ്പു ചരിത്രവിജയം നേടിയപ്പോൾ ജനകീയനായ അദ്ദേഹം മുഖ്യപ്രചാരകനായി. മഞ്ചേശ്വരം മണ്ഡലത്തിലെ മുക്കിലും മൂലയിലും മുംബൈയിലും വോട്ടർമാരെ കണ്ട്‌  പ്രചാരണം നടത്തി. മലയാളത്തിലും കന്നടയിലും തുളുവിലും  ഉറുദുവിലുമുള്ള   പ്രസംഗം  ആകർഷകമായിരുന്നു. സിപിഐ എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗമായുംപ്രവർത്തിച്ചു.   സച്ചാർ കമീഷൻ റിപ്പോർട്ടിനെ തുടർന്ന്‌ എൽഡിഎഫ്‌സർക്കാർ രൂപീകരിച്ച പാലോളി മുഹമ്മദ്‌കുട്ടി കമ്മിറ്റി അംഗമായപ്പോൾ  മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരംതേടാനും  പ്രയത്‌നിച്ചു. പിന്നീട്‌ സജീവരാഷ്ട്രീയത്തിൽ നിന്ന്‌ മാറി നിന്നു. പാരമ്പര്യ വൈദ്യവുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ വൈദ്യശാലയിൽ സജീവമായിരുന്നു. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, മത മേഖലകളിലും സജീവമായിരുന്നു.  സി അഹമ്മദ്‌കുഞ്ഞിയുടെ സ്വീകാര്യത ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ സഹായമായിരുന്നുവെന്ന്‌ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ പറഞ്ഞു. സുദൃഢമായ  ബന്ധമാണ്‌ അദ്ദേഹവുമായുണ്ടായിരുന്നത്‌. ആദ്യ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന സി അഹമ്മദ്‌ കുഞ്ഞി കഴിവ്‌ തെളിയിച്ച പാർലമെന്റേറിയനായിരുന്നുവെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു.  സി അഹമ്മദ്‌കുഞ്ഞിയുടെ സേവനം പ്രസ്ഥാനത്തിന്‌ വലിയ മുതൽകൂട്ടായിരുന്നുവെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ആർ ജയാനന്ദൻ എന്നിവർ വീട്ടിലെത്തി ആദരാഞ്‌ജലി അർപ്പിച്ചു.  Read on deshabhimani.com

Related News