സൂര്യകാന്തിപ്പാടത്ത്‌ പൂക്കുന്നു ശശിധരന്റെ സ്വപ്‌നം

ശശിധരനും മകൾ വൃന്ദയും സൂര്യകാന്തി പാടത്ത്


നീലേശ്വരം അസ്‌തമയ സൂര്യൻ പടിഞ്ഞാറൻ ചക്രവാളം ചുവപ്പിക്കുമ്പോൾ ശശിധരന്റെ സൂര്യകാന്തി പാടവും ചുവക്കും. വർണക്കാഴ്‌ച കാണാൻ സഞ്ചാരികൾ തിരക്ക്‌ കൂട്ടും. അറബിക്കടലിന്റെ തീരത്ത്‌ നിന്നും അഞ്ഞൂറ്‌ മീറ്റർ മാറിയാണ്‌ തൈക്കടപ്പുറത്തെ സൂര്യകാന്തി പാടം. സൂര്യകാന്തി പാടത്തെ  ജീവിതത്തോട് ചേർത്തുനിർത്തുകയാണ്‌ കർഷകനും ഇലക്‌ട്രീഷ്യനുമായ  ഇ ശശിധരൻ. മറ്റു കൃഷികൾ ആദായകരമല്ലെന്ന് കണ്ടാണ്‌ സൂര്യകാന്തി കൃഷിയിൽ പരീക്ഷണം നടത്തിയതെന്ന്‌ ശശിധരൻ പറഞ്ഞു. ഊട്ടിയിൽ നിന്നെത്തിച്ച സൂര്യകാന്തി വിത്ത് ഉപയോഗിച്ച് അമ്പത് സെന്റ് സ്ഥലത്ത് മൂവായിരം ചെടികൾ നട്ടു. ഇവയല്ലാം പൂത്തു. പൂക്കൾ വിളവെടുത്ത് സൂര്യകാന്തി എണ്ണയുണ്ടാക്കാനാണ് ശശിധരന്റെ തീരുമാനം. വിജയിക്കുമെന്നാണ്‌ പ്രതീക്ഷ.  ഉഴുന്നും ഉരുളകിഴങ്ങും കടുകും പയറും ചോളവും തണ്ണിമത്തനും തുടങ്ങി പച്ചമുളക് വരെ വയലിൽ സമൃദ്ധമാണ്.  ഇതര സംസ്ഥാന പച്ചക്കറികൾക്കൊപ്പം  ജൈവ പച്ചക്കറികൾക്ക് വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നാണ്  ശശിധരന്റെ പരിഭവം. മതിയായവില കിട്ടാതെ വിളവെടുത്ത പച്ചക്കറികൾ പാടത്ത്‌ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.  ജില്ലയിലെ  മികച്ച ജൈവ പച്ചക്കറി കർഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ ശ്രീനയും ആറാം ക്ലാസ് വിദ്യാർഥി മകൾ വൃന്ദയും കൃഷിയിൽ സഹായത്തിനുണ്ട്‌.    Read on deshabhimani.com

Related News