ഖരമാലിന്യ സംസ്‌കരണം 
സ്‌മാർട്ടാകും



 കാസർകോട്‌  ജില്ലയിലെ 12 പഞ്ചായത്തുകളിലും രണ്ട്‌ നഗരസഭകളിലും ഖരമാലിന്യ സംസ്‌കരണത്തിനായുള്ള ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് തയ്യാറായി. ബേഡഡുക്ക, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, കിനാനൂർ -കരിന്തളം, പിലിക്കോട്, പടന്ന, കോടോം ബേളൂർ, അജാനൂർ, ഈസ്‌റ്റ്‌ എളേരി, പുല്ലൂർ -പെരിയ, മടിക്കൈ പഞ്ചായത്തുകളിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലുമാണ്‌ ആപ്പ്‌ നടപ്പാക്കുന്നത്‌.  വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് വിവരങ്ങൾ തത്സമയം ക്യൂആർ കോഡ് വഴി രേഖപ്പെടുത്തും.  വാർഡ് പ്രതിനിധി മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. മാലിന്യ സംസ്‌ക്കരണ നടപടികൾ ഡിജിറ്റലാക്കാൻ ശുചിത്വ മിഷന്റെയും നവകേരള കർമ്മ പദ്ധതിയുടെയും സഹായത്തോടെ തീവ്രയജ്ഞം നടത്തും. മാലിന്യം സംബന്ധിച്ച  വിവരം, ഹരിതകർമ്മസേനകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ, റിപ്പോർട്ടുകൾ, പരാതികൾ അറിയിക്കാൻ ആപ്പ് മുഖാന്തരം സാധിക്കും. മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാം.  ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കില എന്നിവ സംയുക്തമായി കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ആപ്പിന്റെ പ്രവർത്തനം ജില്ലയിൽ തുടങ്ങിയത്‌ ആഗസ്‌തിലാണ്‌.  ആദ്യഘട്ടത്തിൽ എല്ലാ വീടുകളിലും ക്യൂ.ആർ കോഡ് പതിപ്പിച്ചു. ഇത്‌ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് ബേഡഡുക്കയാണ്. 8215 വീടുകളിലും സ്ഥാപനങ്ങളിലും കോഡ് പതിപ്പിച്ചു. 40 ഹരിത കർമസേനാംഗങ്ങൾ  പങ്കെടുത്തു. കാസർകോട് ഗവ. കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ സഹായത്തിനുണ്ടായി. Read on deshabhimani.com

Related News