ഉടനെത്തും ഔഷധ ചായ



ചെറുവത്തൂർ രുചിയും കൂടും ആരോഗ്യവും സംരക്ഷിക്കാം. മുരിങ്ങയില ചായയും തുളസിയില ചായയും ഉടൻ എത്തും. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്താണ്‌ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്‌. തുളസിയില, മുരിങ്ങയില എന്നിവയിൽനിന്നും ടീ ബാഗുണ്ടാക്കുന്ന സംരംഭമാണിത്‌.  തുളസി ഇല ഔഷധമായി  ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ തുളസി അധിഷ്ഠിതമായ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമല്ല. മുരിങ്ങക്കായ, മുരിങ്ങ ഇല എന്നിവ നേരിട്ട് ഒരു ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നുണ്ട്.  നിറയെ വിറ്റാമിനുള്ളതാണ്‌ മുരിങ്ങയില. ഇതിന്റെയും മൂല്യവർധിത ഉത്പന്ന വിപണനമാണ് ലക്ഷ്യമിടുന്നത്. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ നടപ്പാക്കുക. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി. വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.  കൃഷി വകുപ്പ് വഴി മുരിങ്ങ, തുളസി തൈകൾ എന്നിവ വിതരണം ചെയ്യും. ഇവ വളർത്തി ഇലകൾ ശേഖരിക്കും. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.  ആദ്യഘട്ടം  രണ്ട്‌ പേർ വീതമുള്ള രണ്ട്‌ ഗ്രൂപ്പുകൾക്കാണ് പദ്ധതി ആരംഭിക്കാൻ സഹായം ലഭിക്കുക. ബ്ലോക്ക് പരിധിയിൽ മൂന്ന്‌ വർഷമായി താമസിക്കുന്ന 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക്‌ അപേക്ഷ നൽകാം. കുടുംബ വാർഷിക വരുമാനം പൊതുവിഭാഗത്തിലാണെങ്കിൽ അഞ്ച്‌ ലക്ഷം രൂപയിൽ കവിയരുത്. മുമ്പ്  മറ്റു സർക്കാർ പദ്ധതികളിൽ ആനുകൂല്യം ലഭിക്കാത്തവരായിരിക്കണം.  പദ്ധതിക്ക്‌ ആവശ്യമായ ആകെ തുകയുടെ 75 ശതമാനം സബ്സിഡിയായി ലഭിക്കും. പദ്ധതി തുടങ്ങാൻ ആശ്യമായ പരിശീലനവും സാങ്കേതിക സഹായവും സിപിസിആർഐ വഴി ലഭ്യമാക്കും. ഗ്രാമസഭ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരഭക മേള, സംരഭകത്വ സെമിനാർ  സംഘടിപ്പിക്കും Read on deshabhimani.com

Related News