2 ഉദ്യോഗസ്ഥർക്ക്‌ ഗുരുതരം

കർണാടകയിൽ നിന്ന്‌ മദ്യം കടത്തുകയായിരുന്ന കാർ എക്‌സൈസ്‌ സംഘത്തിന്റെ 
ജീപ്പിലിടിച്ചുണ്ടായ അപകടം


മഞ്ചേശ്വരം കർണാടകത്തിൽനിന്ന്‌ മദ്യം കടത്തുകയായിരുന്ന കാർ എക്‌സൈസ്‌ സംഘം സഞ്ചരിച്ച ജീപ്പിലിടിച്ച്‌  രണ്ട്‌  ഉദ്യോഗസ്ഥർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർക്കും പരിക്കുണ്ട്‌.  എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റിന്റെ കീഴിലുള്ള ആന്റി നാർകോട്ടിക്ക്‌ സ്‌പെഷ്യൽ സ്‌ക്വാഡിലെ  സർക്കിൾ ഇൻസ്‌പെക്ടർ  ജോയ്‌ ജോസഫ്‌ (50), പ്രിവന്റീവ്‌ ഓഫീസർ എൻ വി ദിവാകരൻ (42) എന്നിവരെയാണ്‌ ഗുരുതര പരിക്കോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ജോയ്‌ ജോസഫിന്റെ ശരീരത്തിലാകമാനം  പരിക്കുണ്ട്‌. ഇടത്‌ കാലൊടിഞ്ഞു. ഇടുപ്പെല്ലിനും പരിക്കുണ്ട്‌. ദിവാകരന്റെ തലയോട്ടിയിലാണ്‌ പരിക്ക്‌. ഡ്രൈവർ ഡിജിത്ത്‌കുമാറി (25)ന്‌ പ്രാഥമിക ചികിൽസ നൽകി വിട്ടു.   മദ്യം കടത്തിയ രണ്ടുപേരെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ മംഗളൂരുവിലെ സ്വകാര്യആശുപത്രിയിലാണ്‌.        കൈക്കമ്പ പെർമുദെ റോഡിൽ  വെള്ളി രാത്രി 11 ഓടെയാണ്‌ സംഭവം. കാറിൽ മദ്യം കടത്തുന്നതറിഞ്ഞു  എക്‌സൈസ്‌ സംഘം സ്വകാര്യകാറിൽ മഫ്‌തിയിൽ പരിശോധനക്കെത്തിയിരുന്നു. ഇവരെ കണ്ട മദ്യം കടത്ത്‌ സംഘം ഡിസയർ കാർ വേഗത്തിൽ ഓടിച്ചുപോയി. വിവരമറിഞ്ഞ്‌ എതിർദിശയിൽ നിന്ന്‌ വരികയായിരുന്ന എക്‌സൈസ്‌ ജീപ്പിനെ കാർ ഇടിച്ച്‌ തെറിപ്പിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കാർ ജീപ്പിലിടിച്ച്‌ നിന്നു. കാറിൽ 103 ലിറ്റർ കർണാടക വിദേശ മദ്യവുമുണ്ടായിരുന്നു.      സ്വകാര്യ കാറിൽ പിന്നാലെയെത്തിയ എക്‌സൈസ്‌ സംഘമാണ്‌ പരിക്കേറ്റ ഉദ്യോഗസ്ഥരെയും മദ്യ ക്കടത്തുകാരെയും ആശുപത്രിയിൽ എത്തിച്ചത്‌. പ്രാഥമിക ചികിത്സ നൽകി  മംഗളൂരുവിലേക്ക്‌ മാറ്റുകയായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.  പ്രതികളെ പിടികൂടിയ സംഘത്തിൽ സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ മഞ്ചുനാഥൻ, മോഹൻകുമാർ, മനോജ്‌, സാജൻ അപ്പ്യാൽ,  പ്രജിത്ത്‌കുമാർ എന്നിവരുമുണ്ടായിരുന്നു.    Read on deshabhimani.com

Related News