ശ്വാസം മുട്ടുന്നു...



കാഞ്ഞങ്ങാട് ചുട്ടുപൊള്ളേണ്ട മെയ് മാസത്തിൽ കാലവർഷത്തെ തോൽപ്പിക്കുന്ന മഴയാണ്. ദുരന്തങ്ങൾ പതിയിരിക്കുമ്പോൾ ജാ​ഗ്രത വേണമെന്ന് സൂചിപ്പിക്കുകയാണ് കണക്കുകൾ. ഒരു വർഷത്തിനിടയിൽ ജില്ലയിൽ 44 പേർ മുങ്ങിമരിച്ചെന്നാണ് അ​ഗ്നിരക്ഷാസേന നൽകുന്ന കണക്ക്‌.  ഏറ്റവും ഒടുവിൽ ചെർക്കാപ്പാറയിലെ ദിൽജിത്ത്, ഇന്ദുഗോപൻ എന്നീ വിദ്യാർഥികളുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. അശ്രദ്ധയും ജാ​ഗ്രതക്കുറവുമാണ് പലദുരന്തങ്ങൾക്കും ഇടയാക്കുന്നത്. ആവശ്യമെങ്കിൽ വായനശാലകളിലും മറ്റും ബോധവൽക്കരണ ക്ലാസ് നൽകാൻ അഗ്‌നിരക്ഷാ സേന തയ്യാറുമാണ്‌.  സംസ്ഥാനത്ത് 2021-ൽ മുങ്ങി മരിച്ചത് 1102 പേരായിരുന്നു. ഏറ്റവും കൂടുതലാളുകൾ മുങ്ങി മരിച്ചത് കൊല്ലം ജില്ലയിൽ;153 പേർ. വെള്ളത്തിൽ വീഴുന്നവരെ നാലു മിനുറ്റിനുള്ളിൽ രക്ഷിച്ചില്ലെങ്കിൽ മരണം ഉറപ്പ്. പുഴ, കുളം, പാറക്കെട്ട് തുടങ്ങിയവിടങ്ങളിലാണ് മുങ്ങിമരണം കൂടുതൽ. നീന്തൽ പരിശീലനമില്ലാത്തതാണ്‌ കുട്ടികളടക്കം ജലത്തിൽ താഴാൻ കാരണം.  നീന്തുമ്പോൾ സാഹസം ഒഴിവാക്കുക, നീന്തൽ അറിയില്ലെങ്കിൽ പുഴയിൽ ഇറങ്ങാതിരിക്കാനുള്ള ജാഗ്രത കാട്ടുക.  ലൈഫ് ജാക്കറ്റ് ധരിക്കാതെ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക, ലഹരി ഉപയോഗിച്ച് ഇറങ്ങരുത്, പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങളിലും ഇറങ്ങരുത്. മുങ്ങിയ ആളെ പുറത്തെടുത്ത ഉടൻ തല ചരിച്ചു കിടത്തി വയർ ഭാഗത്ത് അമർത്തി ഉള്ളിലുള്ള വെള്ളം പരമാവധി പുറത്ത് കളയണം. ഉടൻ കൃത്രിമ ശ്വാസം നൽകണം.  ശ്വാസം നിലച്ച ശേഷം മൂന്നു മിനുറ്റോളം ഹൃദയം പ്രവർത്തിക്കും, ഏഴ് മിനുറ്റിന് ശേഷമേ മസ്തിഷ്‌ക മരണം സംഭവിക്കൂ. അഞ്ച് മിനുറ്റിനുള്ളിൽ ആളെ കണ്ടെത്തിയാൽ കൃത്രിമശ്വാസം വഴി രക്ഷപ്പെടുത്തനാകും എന്നാണ്‌ വിദഗ്‌ദർ പറയുന്നത്‌. Read on deshabhimani.com

Related News