മാലിന്യച്ചോർച്ചയുടെ മുന്നറിയിപ്പുമായി കുട്ടി ഗവേഷകർ

സാനിയ രാഗും റെനിഷയും പഞ്ചായത്ത് പ്രസിഡന്റ്‌ എം ധന്യയ്ക്ക് ഗവേഷണ പ്രോജക്ട് കൈമാറുന്നു


ബേഡഡുക്ക ബേഡഡുക്ക  പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ നൂതനാശയങ്ങളുമായി കുട്ടികളുടെ ഗവേഷണ പ്രോജക്ട്. 2017 മുതൽ പഞ്ചായത്ത്  ഹരിത കേരള മിഷനുമായി ചേർന്ന്‌ സമ്പൂർണ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യജ്ഞം നടപ്പിലാക്കി വരുന്നു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച്  ഉൽപന്നമാക്കി മാറ്റുന്നതിന്‌ നെല്ലിയടുക്കത്ത് ഷ്രെഡിങ് യൂണിറ്റും ആരംഭിച്ചിരുന്നു.  പ്ലാസ്റ്റിക് ഉപയോഗ -പുനരുപയോഗ ചക്രത്തിൽ ചോർച്ച സംഭവിക്കുന്നുണ്ടെന്നും ഈ തിരിച്ചെടുക്കപ്പെടാത്ത മാലിന്യം പരിസ്ഥിതി -ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുമാണ്   ഗവേഷണ പ്രോജക്ട് മുന്നറിയിപ്പ് നൽകുന്നത്.  ദേശീയ ബാലശാസ്ത്ര കോൺഗ്രസ്‌ ജില്ലാതല മത്സരത്തിൽ ശ്രദ്ധേയമായ ഈ പ്രോജക്ട്‌ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സാനിയ രാഗും ഒമ്പതാം ക്ലാസ് വിദ്യാർഥിനി എ റെനിഷയുമാണ് ശാസ്ത്രാധ്യാപിക പ്രീതയുടെ മേൽനോട്ടത്തിൽ പഠനം നടത്തിയത്. ബേഡഡുക്ക പഞ്ചായത്തിലെ 14, 15 വാർഡുകളിലെ വീടുകളിലും വിൽപന കേന്ദ്രങ്ങളിലുമാണ് സർവെ നടത്തിയത്. ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വൃത്തിയാക്കാത്ത മാലിന്യങ്ങളും ഉൾപ്പെടുത്തി പഞ്ചായത്തിൽ ഒരു ക്ലീനിങ് യൂണിറ്റ് സ്ഥാപിച്ച് ഈ പ്രശ്നം പരിഹരിക്കണമെന്നാണ് കുട്ടികൾ മുന്നോട്ടുവച്ച നിർദേശം. പ്രോജക്ട്  പഞ്ചായത്ത് പ്രസിഡന്റ്‌ എം ധന്യയ്ക്ക്   സമർപ്പിച്ചു. പഞ്ചായത്ത്‌ മുൻ  പ്രസിഡന്റ്‌ അഡ്വ. സി രാമചന്ദ്രന്റെയും കാസർകോട്‌ ഗവ. ജനറൽ ആശു‌പത്രി സ്റ്റാഫ് നഴ്സ് പി ബിന്ദുവിന്റെയും മകളാണ്‌ സാനിയരാഗ്‌. കെ പത്മനാഭന്റെയും   രമയുടെയും മകളാണ് റെനീഷ. Read on deshabhimani.com

Related News