ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ ഖമറുദ്ദീനെ യുഡിഎഫ്‌ ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന്‌ നീക്കി



കാസർകോട്‌ ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽനിന്ന്‌ ‌ മുഖം രക്ഷിക്കാൻ  മുസ്ലിംലീഗ് എം സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ്‌ ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന്‌ നീക്കി. മുൻ മന്ത്രിയും ലീഗ്‌ സംസ്ഥാന ട്രഷററുമായ സി ടി അഹമ്മദലിയാണ്‌ പുതിയ ചെയർമാൻ. ചെയർമാനാകുമെന്ന്‌‌ പ്രതീക്ഷിച്ച ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുല്ലയെ തഴഞ്ഞതിൽ ലീഗിനുള്ളിൽ എതിർപ്പുണ്ട്‌.     നിക്ഷേപകരുടെ പണം ആറുമാസത്തിനകം തിരിച്ചു നൽകുമെന്ന ഉറപ്പ്‌ പാലിക്കാനാവില്ലെന്ന്‌ മനസ്സിലാക്കിയ ‌സംസ്ഥാന നേതൃത്വം ഖമറുദ്ദീനെ പടിപടിയായി സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കി തടിയൂരാനാണ്‌‌‌ ശ്രമിക്കുന്നത്‌. ജില്ലാ ട്രഷറർ കല്ലട്ര മാഹിൻഹാജിയുടെ  മധ്യസ്ഥശ്രമം എവിടെയും എത്തിയില്ല. ആസ്‌തി തിട്ടപ്പെടുത്തലും പാതിവഴിയിലാണ്‌. 150 കോടിയോളം രൂപയുടെ തട്ടിപ്പാണ്‌ നടന്നത്‌. ഈ തുക നൽകാൻ കണ്ടെത്തിയ ആസ്‌തിയൊന്നും പോരാ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ നിക്ഷേപകരെ പിടിച്ചുനിർത്താനാണ്‌ ലീഗിന്റെ ശ്രമം. അടുത്തതവണ മഞ്ചേശ്വരത്ത്‌ ഖമറുദ്ദീന്‌ സീറ്റ്‌ ലഭിക്കില്ലെന്ന്‌  ലീഗിലെ മറുവിഭാഗം ഉറപ്പിക്കുന്നു.  തട്ടിപ്പിന്റെ ഉത്തരവാദിത്തം മുഴുവൻ‌ ഖമറുദ്ദീന്റെ തലയിലിട്ട്‌ കൈകഴുകാനാണ്‌ ലീഗ്‌ നേതൃത്വം വഴിയൊരുക്കുന്നത്‌. നിക്ഷേപകർക്ക്‌ പണം നൽകൽ ഖമറുദ്ദീന്റെമാത്രം ബാധ്യതയാകും. എന്നാൽ ലീഗ്‌ നേതൃത്വത്തിന്റെ പിന്തുണയോടെയാണ്‌ ഖമറുദ്ദീൻ‌ ജ്വല്ലറിയിലേക്ക്‌ നിക്ഷേപം ശേഖരിച്ചത്‌. തട്ടിപ്പിലൂടെ നേടിയ പണത്തിന്റെ ഗുണം   പാർടിയും സംസ്ഥാന, ജില്ലാ നേതാക്കളും  ലഭിച്ചിട്ടുണ്ട്‌‌. തന്റെ തലയിലാക്കി‌ നേതാക്കൾ പുണ്യാളന്മാരായാൽ ഖമറുദ്ദീൻ ഇതൊക്ക പുറത്ത്‌ പറയാൻ നിർബന്ധിതനാകും. എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ തയ്യാറാകാത്ത ഖമറുദ്ദീൻ ഇതൊക്ക മുന്നിൽവച്ച്‌ വിലപേശുമോ എന്ന ആശങ്ക  നേതൃത്വത്തിനുണ്ട്‌.   Read on deshabhimani.com

Related News