കച്ചേരിക്കടവ്‌ പാലത്തിന്‌ 
കിഫ്‌ബി അനുമതി



ചെറുവത്തൂർ കച്ചേരിക്കടവ്‌ പാലത്തിന്‌ കിഫ്‌ബി അനുമതിയായി. നീലേശ്വരം നഗരസഭയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്‌.   ഇതിനായി തയ്യാറാക്കിയ 21.88 കോടി രൂപയുടെ എസ്റ്റിമേറ്റിനുള്ള സാമ്പത്തികാനുമതിയും ലഭിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു.  കച്ചേരി കടവ് പാലവും രാജാറോഡ് വികസനവും ഇതൊടെ യാഥാർഥ്യമാകും. രാജാറോഡ് വികസനത്തിന് നേരത്തെ 16.72 കോടി രൂപയുടെ ഭരണാനുമതിയും  ഇതിൽ 9.75 കോടി ഭൂമി ഏറ്റെടുക്കലിനായും അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്‌.  നഗരത്തിലെ ഗതാഗതക്കുരുക്കും ദേശീയപാതയിലേക്കുള്ള യാത്രാദുരിതത്തിനും ശാശ്വതമായ പരിഹരം കാണാൻ കഴിയുന്ന ഈ പദ്ധതിക്ക് ഇതോടെ 38.60 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. 24.85 മീറ്റർ,  26 മീറ്റർ, 55 മീറ്റർ എന്നിങ്ങനെ  നീളമുള്ള ഒരോ സ്പാനും 12.5 മീറ്റർ നീളമുള്ള ആറു സ്പാനും ഉൾപ്പെടെ ഒൻപത്‌ സ്‌പാനാണ്‌ പാലത്തിന്‌. 180.85 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ്‌ പാലം പണിയുക. ഇരു ഭാഗങ്ങളിലും നടപ്പാതയും ഒരുക്കും. രാജാ റോഡ് ഭാഗത്തേക്ക് 192 മീറ്ററും കാഞ്ഞങ്ങാട് ദേശീയപാത ഭാഗത്തേക്ക് 292 മീറ്ററും അനുബന്ധറോഡും പദ്ധതിയുടെ ഭാഗമായി നിർമിക്കും.   Read on deshabhimani.com

Related News