പ്രതിയെ ഉടൻ അറസ്‌റ്റ്‌ ചെയ്യണം: സി എച്ച്‌ കുഞ്ഞമ്പു



ചട്ടഞ്ചാൽ സ്വകാര്യ  സ്‌കൂളിലെ  എട്ടാം ക്ലാസ്‌ വിദ്യാർഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിയായ അധ്യാപകനെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു. അധ്യാപകൻ മൊബൈൽ ഫോണിലൂടെയും സാമൂഹ മാധ്യമങ്ങളിലൂടെയും 12 വയസുകാരിയായ പെൺകുട്ടിയെ കെണിയിൽ പെടുത്തുകയായിരുന്നു.  കോവിഡ്‌ മഹാമാരിയുടെ കാലത്ത് കുട്ടികൾ നേരിടുന്ന ആരോഗ്യപരവും സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അവർക്ക് സാന്ത്വനം നൽകുന്നതിനും ഉത്തരവാദപ്പെട്ട അധ്യാപകൻ ഇത്തരത്തിൽ ഹീനമായ കുറ്റകൃത്യം നടത്തിയത്‌ അപമാനകരമാണ്‌. അധ്യാപകനെന്ന നിലയിലുള്ള സ്വാധീനവും സൗകര്യവും ദുരുപയോഗം ചെയ്‌ത്‌ പെൺകുട്ടിയെ ചാറ്റിങ്ങിലൂടെയും സന്ദേശത്തിലൂടെയും മാനസിക സമ്മർദത്തിലാക്കുകയായിരുന്നു. ഒളിവിൽ പോയ അധ്യാപകനെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ എംഎൽഎ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News