40 സ്‌കൂളിന്‌ ചുറ്റുമതിൽ; 
67 അങ്കണവാടിക്ക്‌ കെട്ടിടം



  കാസർകോട്‌  പതിനാലാം പഞ്ചവത്സര പദ്ധതിയിൽ നൂതന പദ്ധതികൾക്ക് ഊന്നൽ നൽകാൻ ജില്ലാ പഞ്ചായത്ത് വർക്കിങ്‌ ഗ്രൂപ്പ് ജനറൽ ബോഡിയിൽ തീരുമാനം.  ഒന്നാം ഘട്ടമായി വിദ്യാഭ്യാസം, ആരോഗ്യം,  അങ്കണവാടി എന്നിവ സംബന്ധിച്ച പദ്ധതികൾ സർക്കാരിലേക്ക് സമർപ്പിച്ചു.  കഴിഞ്ഞ മാസം തന്നെ  പുഴ, --തോട്‌ ശുചീകരണവും മാലിന്യ നിർമാർജനവും ആരംഭിച്ചു.  അടുത്ത വർഷം  40 സ്‌കൂളിന്‌ ചുറ്റുമതിലും കളിസ്ഥലവും നൽകും. മെച്ചപ്പെട്ട കളിസ്ഥലം ഒരുക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും കെഡിപിയുമായി ചേർന്ന് സ്വന്തമായി ഭൂമിയുള്ള 67 അങ്കണവാടികൾക്ക് കെട്ടിട സൗകര്യമൊരുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.  ദേശീയപാത നവീകരണത്തിനായി മുറിക്കേണ്ട 8000 മരങ്ങൾക്ക്‌ പകരം മരം നടാനുള്ള പ്രവർത്തനം ആലോചിക്കാനായി 23ന് ജൈവ വൈധിധ്യ സെമിനാർ നടത്തും.  വിവിധ വിഭാഗങ്ങളുടെ ഗ്രാമസഭ ചേർന്ന്‌ പുതിയ ആശയങ്ങൾ തേടും.  കുട്ടികളുടെ ഗ്രാമസഭ,   വനിതാ സംഗമം, വയോ സഭ, മത്സ്യസഭ,  യുവ ഗ്രാമസഭ എന്നിവ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ചേരും. ഭിന്നശേഷി, എൻഡോസൾഫാൻ പ്രവർത്തകരുടെ നിർദ്ദേശം തേടും. കൊറഗ സമഗ്ര പദ്ധതികളും ആവിഷ്‌കരിക്കും.    ജൂൺ രണ്ടിന് ജില്ലാ പഞ്ചായത്തിന്റെ ഗ്രാമസഭ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.  ജൂൺ ഏഴിന് വികസന സെമിനാർ നടത്തും. 15ഓടെ പദ്ധതി സമർപ്പിക്കും.ഡിപിസി ഹാളിൽ നടന്ന ചടങ്ങിൽ സി രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു. മുൻ സൈനിക ഉദ്യോഗസ്ഥ പ്രസന്ന ഇടയില്യത്തെ ആദരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവൻ മണിയറ, കെ മണികണ്ഠൻ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ കെ ശകുന്തള, എസ് എൻ സരിത, അംഗങ്ങളായ  സി ജെ സജിത്, ജമീല സിദ്ദീഖ്, ജാസ്മിൻ കബീർ, പി ബി ഷെഫീഖ്, ഗോൾഡൻ അബ്ദുൾ റഹ്‌മാൻ, നാരായണ നായിക്, കമലാക്ഷി, ശൈലജാ ഭട്ട്, മനു എം, ജോമോൻ ജോസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രദീപ്കുമാർ, കേന്ദ്ര സർവ്വകലശാലയിലെ പ്രൊഫ. എം എസ് ജോൺ എന്നിവരും  സംസാരിച്ചു. പ്ലാൻ കോർഡിനേറ്റർ എച്ച്‌  കൃഷ്ണൻ  നന്ദി പറഞ്ഞു. Read on deshabhimani.com

Related News