അതവളാ ആരാ? ഗീതയുടെ വീട്ടിലെ തവള!

നീലേശ്വരം കൊയാമ്പുറത്തെ കെ വി ഗീതയും 
അരുമയായ തവളയും


നീലേശ്വരം വീട്ടിൽ അരുമകളായി പൂച്ച, പട്ടി, പക്ഷികൾ എന്നിവയെ വളർത്തുന്നവരുണ്ട്‌. എന്നാൽ തവളകളെ വളർത്തുന്ന ഒരു കുടുംബമുണ്ട് നീലേശ്വരം കൊയാമ്പുറത്ത്. കെ വി ഗീതയും കുടുംബവുമാണത്‌. ഒരു മഴക്കാലത്താണ് വീട്ടുമുറ്റത്തേയ്ക്ക് വലിയ തവളയെത്തുന്നത്. മഞ്ഞത്തവളകൾ കൂട്ടത്തോടെ ഇല്ലാതായ കാലമായിരുന്നു അത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ്‌ വിരുന്നെത്തിയ തവള ഇന്ന് ഇവരുടെ അരുമയാണ്. സ്നേഹത്തോടെ പരിചരിച്ച തവള, വീട്ടിലെ കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ തുടങ്ങിയപ്പോൾ തൊട്ടടുത്ത പുഴയിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. എന്നാൽ രണ്ടാം പക്കം തവള വീട്ടിലേക്ക് തന്നെ തിരിച്ചെത്തി. പല തവണ ഇതാവർത്തിച്ചപ്പോൾ പ്ലാസ്റ്റിക് ബക്കറ്റിൽ വെള്ളം നിറച്ച് തവളയെ സംരക്ഷിച്ചു.  തവള ഇപ്പോൾ ഇവരുടെ അരുമയാണ്. കൈയിലെടുത്ത് തലോടാം ഒപ്പം കൊണ്ടുപോകാം.  മകൾ ആരതിയും ഇവരുടെ കൂട്ടുകാരിയാണ്. ഒന്നിനു പിറകെ ഒന്നായി ഇപ്പോൾ ആറ്‌ വലിയ തവള ഗീതയുടെ അരുമകളായി വളരുന്നു. ഇവക്ക്‌ പുറമെ എട്ട്‌ പൂച്ചകളും രണ്ട്‌ നായ്ക്കളും വീട്ടിലുണ്ട്‌.   എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് കാലിച്ചാനടുക്കം ഹൈസ്കൂൾ അധ്യാപകനായ കെ പി ബാബുവും മക്കൾ അശ്വതിയും ആരതിയുമുണ്ട്.   Read on deshabhimani.com

Related News