മന്ത്രി നേരിട്ട്‌ വിലയിരുത്തും

കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത നിർമാണം ഇഴയുന്നത്‌ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സി എച്ച് കുഞ്ഞമ്പു എംഎൽഎയോടൊപ്പം സിപിഐ എം ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്ണൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്‌ നിവേദനം നൽകുന്നു


രാജപുരം കരാറുകാരന്റെ അനാസ്ഥയിൽ ഇഴയുന്ന കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാന പാത വികസനം മന്ത്രി നേരിട്ട്‌ വിലയിരുത്തും. കിഫ്‌ബി ഉദ്യോഗസ്ഥരെ വിളിച്ചാണ്‌ മന്ത്രി പ്രവർത്തന പുരോഗതി അന്വേഷിച്ചത്‌. പ്രശ്‌നത്തിൽ കിഫ്‌ബി ഉടൻ ഇടപെടണം. കരാറുകാരൻ ഇനിയും പണി  താമസിപ്പിച്ചാൽ ശക്തമായ നടപടി എടുക്കണം. എല്ലാ ദിവസവും പ്രവൃത്തി പുരോഗതിയെ സംബന്ധിച്ച്‌ നേരിട്ട്‌ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ എം ഏരിയാസെക്രട്ടറി ഒക്ലാവ്‌ കൃഷ്‌ണൻ മന്ത്രിയെ കണ്ടിരുന്നു. പൂടംകല്ല് മൂതൽ പാണത്തൂർ ചിറംകടവ് വരെ റോഡ് മെക്കാഡം ടാർ ചെയ്യുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 60 കോടി രൂപ അനുവദിച്ചു പണി തുടങ്ങിയിട്ട് ആറ് മാസം കഴിഞ്ഞു. എന്നിട്ടും പണി ഇഴയുകയാണ്‌.  ഇതേ തുടർന്നാണ് സി എച്ച് കുഞ്ഞമ്പു എംഎൽഎയോടെപ്പം ഒക്ലാവ് കൃഷ്ണൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്‌ നിവേദനം നൽകിയത്‌.  റോഡിന്റെ ഇപ്പോഴത്തെ സ്ഥിതിയും കരാറുകാരന്റെ അനാസ്ഥയും  മന്ത്രിയെ ധരിപ്പിച്ചു.  വേണ്ടത്ര തൊഴിലാളികളും യന്ത്രങ്ങളും ഇല്ലാതെ വന്നതോടെയാണ് പലപ്പോഴും പണി നിർത്തിവക്കുന്ന സ്ഥിതി ഉണ്ടായത്. ഇതു കാരണം ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുകയാണ്. അഞ്ചു കിലോമീറ്റർ ദൂരം നിലവിലുള്ള റോഡ് കുത്തി പൊളിച്ചതിനെ തുടർന്ന്‌ യാത്ര തന്നെ അസാധ്യമായി. ഇതേ തുടർന്ന്‌ റോഡ് വികസന സമിതി സമരവും ആരംഭിച്ചിട്ടുണ്ട്‌.      Read on deshabhimani.com

Related News