ജില്ലയിൽ 12 കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വിശപ്പകറ്റാൻ വരൂ; 20 രൂപക്ക്‌ ഊൺ



കാസർകോട്‌ ഇരുപത് രൂപക്ക്‌ ഭക്ഷണം നൽകി സാധാരണക്കാരന്റെ വിശപ്പകറ്റാൻ ജില്ലയിൽ 12 കുടുംബശ്രീ ജനകീയ ഹോട്ടലുകൾ.  ദിവസവും ശരാശരി 150 പേർക്കാണ്‌ 20 രൂപ നിരക്കിൽ ഓരോ ഹോട്ടലിലും ഭക്ഷണ  വിതരണം.   സർക്കാറിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ജനകീയ ഹോട്ടൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചിട്ട്‌ മൂന്ന്‌ മാസമായി. ആദ്യ ഹോട്ടൽ ഏപ്രിൽ ഏഴിന് തൃക്കരിപ്പൂർ പഞ്ചായത്തിൽ തുറന്നു. വിവിധ പഞ്ചായത്തുകളിലായി 12 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നു. പകൽ 12 മുതൽ മൂന്ന് വരെയുള്ള സമയത്താണ് 20 രൂപക്ക്‌ ഊൺ ലഭിക്കുക. ചോറ്, ഒഴിച്ചുകറി, തോരൻ, അച്ചാർ എന്നിവയടങ്ങിയ മികച്ച ഭക്ഷണമാണ് ലഭിക്കുക. കൂടുതലായി നൽകുന്ന മീൻ വറത്തത്, ഓംലറ്റ് എന്നിവയ്ക്ക് സാധാരണ നിരക്ക് ഈടാക്കുന്നു. പ്രാതൽ, അത്താഴം എന്നിവയും ലഭിക്കും.    ഓരോ ഊണിനും പത്ത് രൂപ ഹോട്ടൽ സംരംഭകർക്ക് കുടുംബശ്രീ ജില്ലാമിഷനിൽ നിന്നും ലഭിക്കും. അരി സിവിൽ സപ്ലൈസിൽ നിന്നും കിലോക്ക്‌ 10.90 രൂപ നിരക്കിൽ ഒരുമാസം ആറ് കിന്റൽ വരെ ലഭിക്കും. ധാന്യങ്ങൾ മൊത്തവ്യാപര നിരക്കിൽ  ലഭിക്കും. ഹോട്ടലിലേക്കുള്ള വെള്ളം, വൈദ്യുതി, കെട്ടിട സൗകര്യം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കുന്നു. ജില്ലാ മിഷൻ റിവോൾവിങ് ഫണ്ടിൽ നിന്നും ഫർണിച്ചർ, പാത്രങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾ വാങ്ങാൻ പണം അനുവദിക്കുന്നു.  ഓരോ ഹോട്ടലിലും പത്ത് പേർക്ക് പ്രവർത്തിക്കാം. യൂണിഫോം രീതിയും നിലനിർത്തുന്നു. സാമൂഹ്യ അടുക്കളയായി പ്രവർത്തിച്ച കുടുംബശ്രീ കഫേകളാണ് മിക്ക ജനകീയ ഹോട്ടലുകളും. കൂടുതൽ  പഞ്ചായത്തുകളിൽ ഹോട്ടലുകൾ ആരംഭിക്കും.  തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ന്യായ നിരക്കിൽ ഭക്ഷണം, ഒറ്റപ്പെട്ടവർക്ക് ഭക്ഷണം സൗജന്യമായി ലഭ്യമാക്കാൻ പൊതുജനങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെടാവുന്ന സൗകര്യം, കുടുംബശ്രീ വനിതകൾക്ക് ജീവനോപാധിയും സാമ്പത്തിക ഉയർച്ചയും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി.  ജില്ലയിൽ നൂറോളം  പേർക്ക്‌  ജനകീയ ഹോട്ടലിലൂടെ സൗജന്യ ഉച്ചഭക്ഷണം പദ്ധതിയുടെ  പ്രയോജനം ലഭിക്കുന്നു.    Read on deshabhimani.com

Related News