കാവുംചിറ റെഡി.. 
കബഡി.. കബഡി!



ചെറുവത്തൂർ കബഡിക്കളത്തിൽ പുതിയ അടവുകൾ പുറത്തെടുത്ത് എതിരാളികളെ കീഴ്‌പെടുത്തി പോയിന്റുകൾ വാരിക്കൂട്ടി ടീമുകൾ മുന്നറുമ്പോൾ അവരുടെ വീറും വാശിയും ഉത്സാഹവും വർധിപ്പിക്കാൻ കാവുംചിറ ഒന്നാകെ ഒഴുകിയെത്തും.   സംസ്ഥാന യുവജന ക്ഷേമ ബോർഡും ജനകീയ സംഘാടക സമിതയും ചേർന്ന്‌ വെള്ളി മുതൽ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി മത്സരത്തിന്‌ ഒരുക്കങ്ങളായി.  കബഡിയിലും കമ്പവലിയിലും വള്ളംകളിയിലും തങ്ങളുടെ ഇടം അടയാളപ്പെടുത്തിയ ഗ്രാമമാണ് കാവുംചിറ. ഏതുകായിക മത്സരം ഇവിടെയെത്തിയാലും അത് ഭംഗിയായി സംഘടിപ്പിക്കാനുള്ള വൈഭവവും ഇവർക്കുണ്ട്.  പ്രകൃതി സുന്ദരമായ മടക്കര തുറമുഖത്തിന്റെ വളപ്പിലാണ് മത്സരത്തിനുള്ള വേദി. 3000 പേർക്ക് ഇരുന്ന് മത്സരം കാണാനുള്ള സൗകര്യമാണ് സംഘാടകർ ഒരുക്കിയത്.  സംസ്ഥാന മത്സരം ഏറ്റെടുത്തതുമുതൽ  വൻ വിജയമാക്കാനുള്ള ഓട്ടത്തിലായിരുന്നു സംഘാടക സമിതിയും നാട്ടുകാരും.  14 ജില്ലകളിൽ നിന്നായി 28 പുരുഷ വനിത ടീമുകളാണ് മത്സരത്തിനെത്തുക. ഇവിടെയത്തുന്ന താരങ്ങൾക്ക് വീടുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്.  പുഴയോര ഗ്രാമം എന്ന നിലയിൽ മത്സ്യം അടക്കമുള്ള നാടൻ ഭക്ഷണ വിഭവങ്ങളാണ് ഒരുക്കുക. കളി കാണാനെത്തുന്നവർക്ക്‌ ഭക്ഷണത്തിനായി ഭക്ഷ്യസ്‌റ്റാളുകളുമുണ്ട്‌.   ഭൂതകാലക്കുളിരിൽ കാഞ്ചറ  ചെറുവത്തൂർ അടിയന്തരാവസ്ഥക്കാലത്ത്  തെയ്യത്തെ അറസ്റ്റ് ചെയ്ത ഭീതിദമായ ഓർമയിൽ പിന്നീട് തെയ്യം കെട്ടുന്നത് തന്നെ ഉപേക്ഷിച്ച് മറ്റൊരു തൊഴിൽ സ്വീകരിച്ച ഒരാൾ, ഇന്ത്യാ ചൈന യുദ്ധകാലത്ത് പട്ടാളക്കാർക്കുള്ള ഭക്ഷണമായി  അയക്കൂറ മീൻ അയച്ചുകൊടുത്ത കാവുഞ്ചിറയിലെ മത്സ്യത്തൊഴിലാളികൾ. ഗാന്ധി വധത്തിലുണ്ടായ ഞെട്ടലിൽ വിറങ്ങലിച്ചു നിന്ന നാട് അന്ന് നടത്താനിരുന്ന നാടകം മാറ്റി വെച്ച് മൗനജാഥ നടത്തിയത്...  ഒരു തീരദേശ ഗ്രാമത്തിന്റെ ആവേശം പകരുന്ന നാട്ടു സ്മൃതികൾ കണ്ടെടുത്ത് ഒരുക്കിയ സ്മരണികയാണ് കാഞ്ചറ.     സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് കാഞ്ചറ എന്ന പേരിൽ ഓർമ പുസ്തകം തയാറാക്കിയത്. നാടിന്റെ ചിത്രവും ചരിത്രവും ഓർത്തെടുക്കാനായി സംഘാടക സമിതി ഒരുക്കിയ കാരണവക്കൂട്ടത്തിൽ മുതിർന്ന തലമുറയിലെ മനുഷ്യർ ഓർമിച്ചെടുത്ത കാര്യങ്ങൾ പുതു തലമുറക്ക് ആവേശം പകരുന്ന ഓർമകളായി കാഞ്ചറയിലുണ്ട്. നാടിന്റെ കബഡി കായിക പാരമ്പര്യം, നാട്ടിലെ പ്രശസ്ത കായിക താരങ്ങളുടെ ജീവിത വഴികൾ, കഥകൾ, കവിതകൾ എല്ലാം ഉൾക്കൊള്ളുന്നതാണ് സ്മരണിക. വെള്ളി വൈകിട്ട്‌ അഞ്ചിന് മുൻ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി ബാലകൃഷ്ണൻ സ്മരണിക പ്രകാശിപ്പിക്കും. കവി സി എം വിനയചന്ദ്രനാണ് എഡിറ്റർ. പി കെ പവിത്രൻ ചെയർമാനും  സുരേന്ദ്രൻ കാടങ്കോട് കൺവീനറുമാണ്. Read on deshabhimani.com

Related News