അന്വേഷകസംഘം മംഗളൂരുവിൽ



കാഞ്ഞങ്ങാട‌് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ‌് അബ്ദുറഹ്മാൻ കൊലപാതകക്കേസ്‌ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച‌് സംഘം മംഗളൂരുവിലേക്കുപോയി. ഒന്നാം പ്രതി യൂത്ത്‌ ലീഗ്‌ നേതാവ്‌ പി എം ഇർഷാദിനെ പ്രവേശിപ്പിച്ച മംഗളൂരു യൂണിറ്റി ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുക്കുന്നതിനാണ‌് സിഐ അബ്ദുറഹീ‌മിന്റെ നേതൃത്വത്തിലുള്ള സംഘം പോയത‌്‌.   കാഞ്ഞങ്ങാട‌് റെയിൽവേ സ‌്റ്റേഷനുസമീപത്തെ സ്വകാര്യ ആശുപത്രിയിലാണ‌് ഇർഷാദ്‌ ആദ്യമെത്തിയത‌്. പ്രാഥമിക ചികിത്സ നൽകിയതിന്റെ റിപ്പോർട്ട‌് ലഭിക്കാനുണ്ടായ കാലതാമസംമൂലമാണ്‌ ക്രൈംബ്രാഞ്ച‌് സംഘത്തിന്റെ മംഗളൂരുയാത്ര നീണ്ടുപോയത‌്.  ഇർഷാദിനെ കാഞ്ഞങ്ങാട്ടുതന്നെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഔഫിന്റെ മരണം സ്ഥിരീകരിച്ചതോടെയാണ‌് നിസ്സാര പരിക്കുള്ള ഇയാളെ മംഗളൂരുവിലേക്ക‌് കടത്തിയത‌്.     മംഗളൂരുവിലേക്കുൾപ്പെടെ പ്രതികൾക്കുവേണ്ടി സഞ്ചരിച്ച വാഹനങ്ങളുടെ വിവരം പൊലീസ‌് ശേഖരിച്ചിട്ടുണ്ട‌്. സഹായിച്ചവരെക്കുറിച്ചും വിവരവും ലഭിച്ചിട്ടുണ്ട‌്.  വാദിഭാഗത്തുനിന്നുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.  കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ‌് ഇപ്പോൾ നടക്കുന്നത‌്.   ചില ഫോൺസന്ദേശങ്ങൾ പൊലീസ‌് നിരീക്ഷിച്ചിട്ടുണ്ട‌്. മുസ്ലിംലീഗിന്റെ പ്രാദേശിക നേതൃത്വം  കൊലപാതകികൾക്ക‌് എല്ലാ ഒത്താശയും ചെയ‌്തുവെന്ന്‌ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പ്രതികൾക്ക‌് നിയമ സഹായം ലഭ്യമാക്കാനും പ്രധാന നേതാക്കൾതന്നെയാണ‌് ബന്ധപ്പെട്ടത‌്. Read on deshabhimani.com

Related News