ക്ഷേത്രോത്സവം ആഘോഷമാക്കാൻ പള്ളിക്കമ്മിറ്റി



രാജപുരം ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ലാതെ  ക്ഷേത്ര -ജമാ അത്ത് ഭാരവാഹികളും അംഗങ്ങളും ചെറുപനത്തടി ബദരിയാ ജമാ അത്ത് പള്ളിയങ്കണത്തിൽ ഒത്തുകൂടി. ഒരേ മനസോടെ പനത്തടി പാണ്ഡ്യാലക്കാവ് ഭഗവതി ക്ഷേത്രോത്സവ കാര്യങ്ങൾ സംസാരിച്ചു കൂട്ടായ്മയുടെ നിറവിൽ ക്ഷേത്രോത്സവം നാടിന്റെ ആഘോഷമാക്കാനുള്ള തീരുമാനവുമായി അവർ മടങ്ങി.  21 മുതൽ 26 വരെ നീളുന്ന  നവീകരണ കലശോത്സവത്തിന്റെ ഭാഗമായാണ് ആഘോഷ കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിന് സമീപത്തെ ജമാ അത്ത് പള്ളിയങ്കണത്തിൽ എത്തിയത്. ജാതി മത ചിന്തകൾക്കപ്പുറം ജമാ അത്ത് ഭാരവാഹികളെയും പള്ളിക്ക് കീഴിൽ വരുന്ന കുടുംബങ്ങളെയും ഉത്സവാഘോഷങ്ങൾക്ക് ക്ഷണിക്കാനെത്തിയ ക്ഷേത്ര ഭാരവാഹികളെ ജമാ അത്ത് ഭാരവാഹികൾ പള്ളിയുടെ മുമ്പിൽ സ്വീകരിച്ചു. അഘോഷ കമ്മിറ്റി ഭാരവാഹികളായ എച്ച് വിഘ്നേശ്വര ഭട്ട്, ബാലകൃഷ്ണൻ കൂക്കൾ എന്നിവർ ഉത്സവത്തെ കുറിച്ച് വിശദീകരിച്ചു. ഉസ്താദ് മുഹമ്മദ് റിയാസ് നിസാമി ജമാ അത്ത് പള്ളിയുടെയും അംഗങ്ങളുടെയും ഉറപ്പ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു.  ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പി വി കുഞ്ഞിക്കണ്ണൻ ഉസ്താദിനും ജമാ അത്ത് ഭാരവാഹികൾക്കും ക്ഷണകത്തും നോട്ടീസും കൈമാറി. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി വി കുമാരൻ, കൂക്കൾ രാഘവൻ, ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് വി അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുള്ള പള്ളി, വി ഹംസ, ഫൈസൽ വടക്കൻ, എസ് കെ മുഹമ്മദലി എന്നിവർ സംസാരിച്ചു.  ഉത്സവ ക്ഷണവുമായി കോളിച്ചാൽ സെയ്ന്റ് ജോസഫ്സ് ഫൊറോനാ ദേവാലയത്തിലെത്തിയ ആഘോഷ കമ്മിറ്റി ഭാരവാഹികളെ ഫാ. തോമസ് പട്ടാംകുളം, സിബി നാല് തുണ്ടം, വി സി ദേവസ്യ എന്നിവർ ചേർന്ന് സ്വീകരിച്ചു.       Read on deshabhimani.com

Related News