വൈക്കോലുമായെത്തിയ ലോറിക്ക് തീപിടിച്ചു

ചായ്യോം - ചേലക്കാട് വൈക്കോൽ ലോറിയിലെ തീയണക്കാൻ ശ്രമിക്കുന്ന നാട്ടുകാരും, അഗ്നി രക്ഷാപ്രവർത്തകരും.


ചായ്യോത്ത്  ചേലക്കാട് വൈക്കോലുമായി എത്തിയ ലോറിക്ക് തീപിടിച്ചു. ചേലക്കാട് രാവിലെ 6.30 ഓടെയായിരുന്നു  അപകടം. തൃശ്ശൂരിൽനിന്നും കാഞ്ഞിരപ്പൊയിൽ ക്ഷീരകർഷകസംഘത്തിലേക്ക് വൈക്കോലുമായിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.   മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.  ലോറിയുടെ മുകൾഭാഗം വൈദ്യുതകമ്പിയിൽ തട്ടിയപ്പോഴുണ്ടായ തീപ്പൊരിയിൽനിന്നാണ് തീപിടുത്തമുണ്ടായത്. ഉടൻ സമീപവാസികളും  തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മുൻകരുതലുകൾ സ്വീകരിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലും  തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനുകളിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയുടെയും നീലേശ്വരം പോലീസിന്റെയും പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്.  അടുത്തടുത്തായി വീടുകളുള്ള പ്രദേശമാണിത്. അഗ്നിരക്ഷാസേനയെത്താൻ അല്പം കൂടി വൈകിയിരുന്നെങ്കിൽ വൻദുരന്തമാകും സംഭവിക്കുകയെന്ന്  നാട്ടുകാർ പറഞ്ഞു.  മിൽമയുടെ വൈക്കോൽ വിതരണക്കരാറുകാരനായ തൃശ്ശൂർ സ്വദേശി യൂസഫിന്റേതാണ് വൈക്കോലും ലോറിയും .   70,000 രൂപയുടെ വൈക്കോൽ കത്തി നശിച്ചതായി കാഞ്ഞിരപ്പൊയിൻ ക്ഷീരസംഘം സെക്രട്ടറി പി ആർ ബാലകൃഷ്ണൻ വ്യക്തമാക്കി. വൈദ്യുതി ലൈൻ താഴ്ന്നുകിടന്നതാണ് അപകടത്തിനിടയാക്കിയത്.   Read on deshabhimani.com

Related News