ബേഡകത്തെ വനിതകളുടെ 
കമ്പനി ഉദ്‌ഘാടനം 16ന്‌



 കാസർകോട്‌ ബേഡകത്ത്‌ വനിതകൾ മാത്രം പങ്കാളികളായ  ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉദ്ഘാടനം ചൊവ്വാഴ്ച. പകൽ രണ്ടിന്‌ കുണ്ടംകുഴിയിൽ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം നിർവഹിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സ്ത്രീകൾ മാത്രം ഓഹരി ഉടമകളായ കമ്പനിയാണിത്‌. കുടുംബശ്രീ ജില്ലാ മിഷനും ബേഡഡുക്ക പഞ്ചായത്തും മുൻകൈയെടുത്ത്‌ ബേഡഡുക്ക സിഡിഎസിന് കീഴിലാണ് രൂപീകരിച്ചത്. കുടുംബശ്രീ അംഗങ്ങളാണ്‌ ഓഹരി ഉടമകൾ. ആയിരം രൂപ വിലയുള്ള 3772 ഓഹരി 15 ദിവസത്തിൽ സ്വരൂപിച്ചു.  ജൈവ കാർഷിക വിഭവങ്ങൾ നേരിട്ടും സംസ്‌കരിച്ചും വിപണിയിലെത്തിക്കുക എന്നതാണ്‌ ലക്ഷ്യം. നിലവിൽ 15 പേർക്ക്‌ ഇതിലൂടെ ജോലികിട്ടി. ഒരുവർഷത്തിനകം നൂറുപേർക്കും മൊത്തം 600 പേർക്കും തൊഴിൽ നൽകാനാണ്‌ ഉദ്ദേശിക്കുന്നത്‌. 50 കാർഷിക ക്ലസ്റ്റർ രൂപീകരിച്ച്‌ ഉൽപന്നങ്ങൾ സ്വീകരിക്കും. ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കും. കൂടും കോഴീം പദ്ധതിയിൽ ജില്ലയിലെ മുപ്പതോളം  പഞ്ചായത്തുകളിൽ ഇതിനകം മുട്ടക്കോഴികളെ കമ്പനി വിതരണം ചെയ്‌തു. വട്ടംതട്ട ആനന്ദമഠത്ത്‌ 28 ഏക്കർ ഭൂമി വാങ്ങി  ഹൈടെക് ഫാമും ടൂറിസം സംരംഭങ്ങളുമൊരുക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ധന്യ, വൈസ്‌ പ്രസിഡന്റ്‌ എ മാധവൻ, കുടുംബശ്രീ എഡിഎംസി സി എച്ച് ഇക്ബാൽ, കമ്പനി ചെയർപേഴ്‌സൺ ഗുലാബി, എംഡി കെ പ്രസന്ന, സിഇഒ ശിവൻ ചൂരിക്കോട് എന്നിവർ അറിയിച്ചു.   Read on deshabhimani.com

Related News