ലൊക്കേഷൻ കിടു; സിനിമ ഹിറ്റാകും ഉറപ്പ്‌



കാസർകോട്‌ ചെറിയ ബജറ്റിലുള്ള സിനിമകളുടെ ഇഷ്ട ലൊക്കേഷനായി കാസർകോട്‌ മാറുന്നു. നിലവിൽ മൂന്ന്‌ സിനിമകളുടെ ചിത്രീകരണം കാസർകോട്‌  കേന്ദ്രീകരിച്ച്‌ നടക്കുന്നുണ്ട്‌. അർജുൻ അശോകനും അന്നാബെന്നും മുഖ്യതാരങ്ങളാകുന്ന ത്രിശങ്കു, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമ,  ദേശീയ അവാർഡ്‌ ജേതാവ്‌ ഡോ. ബിജു സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ്‌ സിനിമ എന്നിവയാണിവ.  കാസർകോട്‌ ടൗൺ, ബേഡകം തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ധ്യാനിന്റെ സിനിമ പുരോഗമിക്കുന്നത്‌. കാസർകോട്‌ ടൗണിലാണ്‌ അർജുൻ അശോകൻ–- അന്നബെൻ സിനിമ ചിത്രീകരണം. ബിജുവിന്റെ സിനിമയുടെ അണിയറ പ്രവർത്തനം നടക്കുന്നതേയുള്ളൂ. മുന്നോടിയായി ബിജുവും സംഘവും കഴിഞ്ഞ ദിവസം കാറഡുക്കയിലെത്തി. കയ്യൂർ വരിക്കേൻപാറയിൽ കുഞ്ചാക്കോ ബോബന്റെ ‘താൻ കേസു കൊട്‌’ എന്ന സിനിമയുടെ സെറ്റിടൽ സജീവമായി നടക്കുകയാണ്‌. സ്വകാര്യവ്യക്തിയുടെ ഭൂമി വിലയ്ക്കെടുത്ത്‌ അവിടെ പൂർണമായും സെറ്റിട്ടാണ്‌ ചിത്രീകരണം. അടുത്തമാസം തുടങ്ങും.  ചെറിയ ചെലവും മികച്ച അഭ്യന്തര സൗകര്യവും നല്ല ഭൂപ്രകൃതിയുമാണ്‌ കാസർകോടിനെ സിനിമാക്കാർക്ക്‌ പ്രീയപ്പെട്ടതാക്കുന്നത്‌. ചെറുകിട താരങ്ങളും മികച്ച പ്രമേയവുമായി വന്നാൽ ഹിറ്റടിക്കാവുന്ന സിനിമകളുടെ ഭാഗ്യ ലൊക്കേഷനാണ്‌ ഇപ്പോൾ ജില്ല. മുമ്പും കാസർകോട്‌ പല സിനിമകളുടെയും ലൊക്കേഷനായിട്ടുണ്ട്‌. പ്രശസ്‌തമായ മീനമാസത്തിലെ സൂര്യന്റെ ചിത്രീകരണം നടന്നത്‌ കയ്യൂരും പരിസരങ്ങളിലുമാണ്‌. ബേക്കൽ കോട്ടയിലും തളങ്കരയിലും മണിരത്നത്തിന്റെ  ‘ബോംബൈ’ സിനിമയുടെ പ്രധാന ഇടമായി. മോഹൻലാലിന്റെ വടക്കുംനാഥൻ മടിക്കൈ എച്ചിക്കാനം തറവാട്ടിലാണ്‌ നടന്നത്‌. മമ്മൂട്ടിയുടെ ഉണ്ട സിനിമ കാടകത്തെ വനമേഖലയിലും നടന്നു.  ഹിറ്റ്‌ സിനിമകളായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കായംകുളം കൊച്ചുണ്ണി, വാർ ആൻഡ്‌ ലൗ, മധുരനൊമ്പരക്കാറ്റ്‌ തുടങ്ങിയവയും പിറന്നത്‌ ജില്ലയിലാണ്‌. അരവിന്ദന്റെ കുമ്മാട്ടി, ഷാജി എൻ കരുണിന്റെ പിറവി, എകെജി, രഞ്ജിത്തിന്റെ ഞാൻ, ഡോ. ബിജുവിന്റെ വലിയചിറകുള്ള പക്ഷികൾ, സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്‌ച നല്ല ദിവസം തുടങ്ങിയ സിനിമക്കും ജില്ല പ്രധാന ലൊക്കേഷനായി. Read on deshabhimani.com

Related News