ആർടിഒ ചെക്ക്‌പോസ്‌റ്റിൽ 
വിജിലൻസ്‌ പരിശോധന

മഞ്ചേശ്വരം ആർടിഒ ചെക്ക്‌ പോസ്‌റ്റിൽ വിജിലൻസ്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ 
പരിശോധകസംഘം എത്തിയപ്പോൾ


കാസർകോട്‌ മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ്‌ സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപെടാത്ത പണം പിടിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന്‌ 2000 രൂപയും ഏജന്റിൽനിന്ന്‌ 16280 രൂപയുമായും പിടിച്ചെടുത്തു. സംസ്ഥാനത്താകെ നടന്ന ‘ഭ്രഷ്ട്‌ നിർമാർജൻ’ പരിപാടിയുടെ ഭാഗമായിരുന്നു മഞ്ചേശ്വരത്ത് ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ പരിശോധന. ബുധൻ രാവിലെ ആറിനാണ്‌ പരിശോധന ആരംഭിച്ചത്‌. സ്വകാര്യ ജീപ്പിൽ വിജിലൻസ്‌ സംഘം എത്തിയ വിവരം പുറത്തുള്ള ഏജന്റുമാർ വഴി ആർടിഒ ഒദ്യോഗസ്ഥർ അറിഞ്ഞിരുന്നു. എന്നാൽ സംഘംത്തിന്റെ മിന്നൽ നീക്കത്തിൽ രക്ഷപ്പെടാൻ സാധിച്ചില്ല.  വിജിലൻസുകാരെ കണ്ട്‌ പുറത്തേക്ക്‌ പോയ ഓഫീസ്‌ അസിസ്‌റ്റന്റിനെ പിടികൂടിയപ്പോൾ കണക്കിലില്ലാത്ത 900 രൂപ കണ്ടെത്തി. അകത്തുണ്ടായിരുന്ന അസിസ്‌റ്റന്റ്‌ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടറെ പരിശോധിച്ചപ്പോൾ 1100 രൂപയും കണ്ടെത്തി.  പിന്നീടാണ്‌ പുറത്തുണ്ടായിരുന്ന ഏജന്റിനെ പിടികൂടിയത്‌. പ്രഭാത സവാരിക്ക്‌ വന്നതെന്നാണ്‌ ഇയാൾ പറഞ്ഞത്‌. നാട്‌ ചോദിച്ചപ്പോൾ ബന്തടുക്ക ചാമക്കൊച്ചിയാണെന്ന്‌ പറഞ്ഞു. പരിശോധിച്ചപ്പോൾ അരയിൽ നിന്ന്‌ 1620 രൂപ കണ്ടെത്തി. ഇയാൾ തൊട്ടടുത്തുള്ള വനം വകുപ്പ്‌ ചെക്ക്‌പോസ്‌റ്റിൽ താമസിച്ചാണ്‌ ഉദ്യോഗസ്ഥർക്കായി പണം പിരിക്കുന്നതെന്ന്‌ വ്യക്തമായി. വനം വകുപ്പ്‌ ചെക്ക്‌പോസ്‌റ്റിലെ ഉദ്യോഗസ്ഥർക്കും പണം പിരിവിൽ പങ്കുണ്ടെന്ന്‌   വിജിലൻസ്‌ സംശയിക്കുന്നു.  വാഹനങ്ങളിൽ നിന്ന്‌ ഏജന്റുമാർ മുഖേന പിരിക്കുന്ന കൈക്കൂലി ഉദ്യോഗസ്ഥർക്ക്‌ വീതം വെക്കുകയാണ്‌. പരിശോധനയിൽ ഹാർബർ എൻജിനിയറിങ് ഡിവിഷണൽ അക്കൗണ്ടന്റ് കെ പി പ്രേംജിത്, എഎസ്‌ഐമാരായ കെ രാധാ കൃഷ്‌ണൻ, വി എം മധുസൂദനൻ, വി ടി സുഭാഷ് ചന്ദ്രൻ, പൊലീസുകാരായ വി രാജീവൻ, കെ വി രതീഷ് എന്നിവരുമുണ്ടായിരുന്നു. പെർള ചെക്ക്‌പോസ്‌റ്റിലും പരിശോധന നടന്നു.  Read on deshabhimani.com

Related News