ഇവിടെ, രക്ഷിതാക്കൾക്കും പ്രവേശനോത്സവം

ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്‌കൂളിലെ സിപിടിഎ പ്രവേശനോത്സവത്തിൽനിന്ന്


 ചെറുവത്തൂർ കുട്ടികളുടെ പ്രവേശനോത്സവത്തിന് പിന്നാലെ ചന്തേരയിൽ രക്ഷിതാക്കൾക്കും പ്രവേശനോത്സവം. ക്ലാസ് പിടിഎയിലേക്ക്  രക്ഷിതാക്കളെ വരവേൽക്കാനാണ് ചന്തേര ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂളിൽ രക്ഷിതാക്കൾക്ക് പ്രവേശനോത്സവമൊരുക്കിയത്. ബലൂണുകളും പൂക്കളുമെല്ലാം നൽകി രക്ഷിതാക്കളെ സ്വീകരിപ്പോൾ പായസവും പലഹാരങ്ങളും തയ്യാറാക്കിയാണ് രക്ഷിതാക്കൾ എത്തിയത്. കുട്ടികളുടെ ക്ലാസ് സമയം അപഹരിക്കാതിരിക്കാൻ രണ്ടാം ശനിയാണ്   മൂന്നാം ക്ലാസിന്റെ സിപിടിഎ യോഗം ചേർന്നത്. യോഗത്തിന്റെ  ചിട്ടവട്ടങ്ങളെല്ലാം വേറിട്ടതായിരുന്നു. പുസ്തകത്തിൽ മാത്രമല്ല ചുമരിൽ കുട്ടികളുടെ ഫോട്ടോ ഉൾപ്പെടുത്തി തയാറാക്കിയ ട്രെയിൻ ചിത്രത്തിലും രക്ഷിതാക്കളുടെ ഹാജർ കാണാം. കുട്ടിയുടെ ചിത്രത്തിന് താഴെ പൊട്ട് തൊട്ടാണ് ഹാജർ രേഖപ്പെടുത്തുക. മാർച്ച്‌ മാസമാകുമ്പോഴേക്കും  ഓരോ രക്ഷിതാവും എത്രയോഗത്തിൽ പങ്കെടുത്തുവെന്ന് ചുമരിലെ കലണ്ടറിൽ കാണാം. എല്ലാ യോഗത്തിലും പങ്കെടുക്കുന്ന രക്ഷിതാവിന് മാർച്ച് മാസത്തിൽ ബെസ്റ്റ് പാരന്റ്‌ അവാർഡുമുണ്ട്. യോഗം തുടങ്ങുന്നതിന് മുൻപ് രക്ഷിതാക്കൾക്ക് ഉണർത്തു പ്രവർത്തനമുണ്ട്. ഓർമ പരീക്ഷിക്കുന്നതും, കുഞ്ഞുകളികളുമൊക്കെയാണ് അത്. പിന്നീടാണ് പഠനകാര്യങ്ങളുടെ ചർച. കുട്ടികൾ നേടേണ്ട ശേഷികൾ, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അധ്യാപകരോടുള്ള നിർദേശങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്യും. എല്ലാ യോഗത്തിലും രക്ഷിതാക്കൾ യോഗത്തിനെത്തുക  രുചികരമായ പലഹാരങ്ങൾ അവരുടെ വീടുകളിൽ നിന്ന് തയാറാക്കിയാണ്.  വിനയൻ പിലിക്കോട്, സജിന, ടി റജിന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News