65 ലക്ഷം രൂപയുടെ കൊപ്ര നശിച്ചു നെല്ലിക്കട്ടയിൽ വൻ തീപിടിത്തം

നെല്ലിക്കട്ടയിലെ കൊപ്ര സംഭരണ കേന്ദ്രം തീപിടിച്ച് നശിച്ച നിലയിൽ


ബദിയടുക്ക നെല്ലിക്കട്ടയിൽ കൊപ്ര സംഭരണ കേന്ദ്രത്തിൽ വൻതീപ്പിടിത്തം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നായി കൊപ്ര സംഭരിച്ച് കയറ്റി അയക്കുന്ന മാരികോ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സംഭരണകേന്ദ്രമാണ് പൂർണമായും കത്തി നശിച്ചത്.  വ്യാഴാഴ്ച രാത്രി 10.45 മണിയോടെ തീപ്പിടിത്തമുണ്ടായത്.  കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽനിന്നുമെത്തിയ ആറ് യൂണിറ്റ് അഗ്‌നിരക്ഷാസംഘം  12 മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച രക്ഷാപ്രവർത്തനം വെള്ളിയാഴ്ച പകൽ 11 മണിയോടെയാണ് പൂർത്തിയായത്.   1800 സ്ക്വയർ ഫീറ്റുള്ള ഷീറ്റ് മേഞ്ഞ ഷെഡും പൂർണമായും കത്തി. ചെറുപുഴ സ്വദേശി പി അഗസ്റ്റിൻ എന്ന ഏജന്റാണ് സംഭരണകേന്ദ്രം നടത്തുന്നത്.  80 ടണോളം കൊപ്ര ഇവിടെ സൂക്ഷിച്ചിരുന്നു. ഇതിന് മാത്രം 65 ലക്ഷം രൂപ വിലവരും.  ഷോർട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന്‌ സംശയിക്കുന്നു.    രാത്രിയായതിനാൽ ഇവിടെ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടുകാരാണ് തീപ്പിടിത്തം ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.   കുറച്ചകലെയായി എച്പി കമ്പനിയുടെ പെട്രോൾ പമ്പ് ഉള്ളതിനാൽ ജാഗ്രതയോടെയാണ്‌ തീയണക്കാൻ നേതൃത്വമേകിയതെന്ന്‌  കാസർകോട് ഫയർ സ്റ്റേഷൻ ഓഫീസർ പ്രകാശ് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി സന്തോഷ് കുമാർ,  ഷെറിൽ ബാബു എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News